മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്‌കോക്ക് നേരെ ഡ്രോൺ ആക്രമണം. കഴിഞ്ഞ മൂന്നു മണിക്കൂറിനിടെ 32 ഡ്രോണുകളാണ് വ്യോമപ്രതിരോധ യൂണിറ്റുകൾ തകർത്തതെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ നഗരത്തെ ലക്ഷ്യമാക്കിയെത്തിയ ഡ്രോണുകളാണ് റഷ്യൻ വ്യോമപ്രതിരോധ സേന തകർത്തത്. മുന്നറിയിപ്പിന്റെ ഭാഗമായി മോസ്‌കോയിലെ വിമാനത്താവളങ്ങൾ ഉൾപ്പെടെ താത്കാലികമായി അടച്ചു.
മോസ്‌കോയിലേക്ക് പറന്നെത്തിയ ഒരു ഡ്രോൺ റഷ്യൻ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടതായി മോസ്‌കോ മേയർ സെർജി സോബിയാനിൻ പറഞ്ഞു. തകർന്നുവീണ ഡ്രോണിന്റെ ഭാഗങ്ങൾ വിദഗ്ദ്ധർ പരിശോധിച്ചുവരികയാണ്. മോസ്‌കോയുടെ കിഴക്കൻ മേഖലയിലുള്ള ഇഷെവ്‌സ്‌ക്, നിഷ്നി നോൾവ്ഗൊറോഡ്, സമാറ, പെൻസ, ടാംബോവ്, ഉലിയാനോവ്‌സ്ക് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് തടസ്സപ്പെട്ടത്. ഡ്രോൺ ആക്രമണത്തെത്തുടർന്ന് റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലെ വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ വൈകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
Drone attack in Moscow; Air defense systems destroyed, Russia closes airports