യുഎസ് തീരുവ: കേരളത്തിൻ്റെ പ്രതിസന്ധി നേരിടുന്നതിനുള്ള നടപടികൾക്കായി മന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ നേതൃത്വത്തിൽ പ്രതിനിധികളുടെ യോഗങ്ങൾ

യുഎസ് തീരുവ: കേരളത്തിൻ്റെ പ്രതിസന്ധി നേരിടുന്നതിനുള്ള നടപടികൾക്കായി മന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ നേതൃത്വത്തിൽ  പ്രതിനിധികളുടെ യോഗങ്ങൾ

തിരുവനന്തപുരം: അമേരിക്ക ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ചുമത്തിയ അധിക ഇറക്കുമതി ചുങ്കം സംസ്ഥാനത്തിൻ്റെ സാമ്പത്തിക സുരക്ഷയ്ക്കും കയറ്റുമതി മേഖലകൾക്കും ഗുരുതരമായ തിരിച്ചടിയാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ആഭ്യന്തര ഉൽപ്പാദന മേഖലകളെ ബാധിക്കുന്ന ഈ നടപടി ഒരു താരിഫ് യുദ്ധത്തിൻ്റെ ഭാഗമാണെന്നും, തിരഞ്ഞെടുപ്പിനു ശേഷമുള്ള സാമ്പത്തിക തകർച്ച മറികടക്കാൻ അമേരിക്ക സ്വീകരിച്ച നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ രാജ്യം ഒറ്റക്കെട്ടായി അമേരിക്കൻ നിലപാടിനെ എതിർക്കേണ്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അധിക തീരുവ കേരളത്തിൻ്റെ പ്രധാന കയറ്റുമതി മേഖലകളായ ചെമ്മീൻ, സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, കശുവണ്ടി, കയർ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കും. കോവിഡ് കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയേക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ താരിഫ് യുദ്ധത്തിലൂടെ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ധനമന്ത്രി മുന്നറിയിപ്പ് നൽകി. ഇതിനൊപ്പം, തീരുവ കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ ശക്തമായ മത്സരത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിൻ്റെ ധനസ്ഥിതിക്ക് ഭീഷണി

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ യുഎസ് ചുമത്തിയ അധിക തീരുവ സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്കും സർക്കാരിൻ്റെ ധനസ്ഥിതിക്കും കനത്ത ആഘാതമുണ്ടാക്കുമെന്ന് ധനകാര്യ വകുപ്പിൻ്റെ വിലയിരുത്തൽ വ്യക്തമാക്കുന്നു. ഈ പ്രതിസന്ധി നേരിടുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി മന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ നേതൃത്വത്തിൽ അടുത്ത ആഴ്ച മുതൽ വിവിധ മേഖലകളിലെ പ്രതിനിധികളുടെ യോഗങ്ങൾ ചേരും. സാമ്പത്തിക വിദഗ്ധർ, വ്യവസായ പ്രമുഖർ, കയറ്റുമതി രംഗത്തെ പ്രതിനിധികൾ എന്നിവരുമായിട്ടാണ് യോഗങ്ങൾ.

ട്രംപ് ഏർപ്പെടുത്തിയ 25% തീരുവ 50 ശതമാനമായി വർധിപ്പിച്ച സാഹചര്യത്തിൽ, അധികച്ചെലവ് കയറ്റുമതിക്കാരും യുഎസിലെ ഇറക്കുമതിക്കാരും തുല്യമായി പങ്കിടണമെന്നാണ് ഇന്ത്യൻ കമ്പനികളുടെ ആവശ്യം. എന്നാൽ, അധികച്ചെലവ് ഒഴിവാക്കാൻ യുഎസ് പങ്കാളികൾ മറ്റ് രാജ്യങ്ങളെ ആശ്രയിച്ചേക്കുമോയെന്ന ആശങ്ക കയറ്റുമതിക്കാർക്കുണ്ട്.

തീരുവ മൂലം പ്രതിസന്ധിയിലാകുന്ന എല്ലാ മേഖലകളിലെയും തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും സർക്കാർ കണക്കിലെടുക്കുന്നു. വിവിധ കൂടിക്കാഴ്ചകൾക്കു ശേഷം ഈ പ്രതിസന്ധി മറികടക്കുന്നതിനുള്ള തുടർനടപടികൾ സർക്കാർ തീരുമാനിക്കും

US Tariffs: Meetings of representatives from various sectors led by Minister K.N. Balagopal to take steps to address the crisis in Kerala

Share Email
LATEST
Top