ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉപയോഗിച്ച ‘വോട്ട് കൊള്ള’ എന്ന പ്രയോഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. ഇത്തരം പ്രയോഗങ്ങൾ ലക്ഷക്കണക്കിന് പോളിങ് ഉദ്യോഗസ്ഥരുടെ സത്യസന്ധതയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇത്തരം ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകൾ വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
രാഹുൽ ഉയർത്തിക്കാട്ടിയ ‘ഒരാൾക്ക് ഒരു വോട്ട്’ എന്ന മുദ്രാവാക്യം 1951-52 കാലഘട്ടത്തിലെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ തന്നെ നിയമമായി നിലവിലുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. വോട്ടിംഗിൽ ക്രമക്കേടുണ്ടെന്ന് ആരോപണമുണ്ടെങ്കിൽ കമ്മീഷന് സത്യവാങ്മൂലം നൽകണമെന്ന നിലപാട് അവർ ആവർത്തിച്ചു. രാജ്യത്തെ എല്ലാ വോട്ടർമാരെയും കള്ളന്മാരായി ചിത്രീകരിക്കുന്നതിനു പകരം, ഒരാൾ രണ്ട് വോട്ട് രേഖപ്പെടുത്തിയതിന് തെളിവുണ്ടെങ്കിൽ രേഖാമൂലം സത്യവാങ്മൂലം നൽകണമെന്നാണ് കമ്മീഷൻ നിർദ്ദേശിച്ചത്. ‘വോട്ട് കൊള്ള’ ആരോപണം ശക്തിപ്പെടുത്തി കോൺഗ്രസ് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കൊരുങ്ങുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ പ്രസ്താവന പുറത്തിറക്കിയത്.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ രാഹുൽ ഗാന്ധിയോട് സത്യവാങ്മൂലം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾക്ക് തെളിവായി തങ്ങൾ ഉപയോഗിച്ച വിവരങ്ങൾ കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് ലഭിച്ചതായതിനാൽ സത്യവാങ്മൂലം നൽകേണ്ടതില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോൺഗ്രസ്
കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളവോട്ടുകളുടെ ‘ബൂസ്റ്റർ ഡോസ്’ ഉപയോഗിച്ചാണ് അധികാരത്തിലെത്തിയതെന്നും അതിനാൽ അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും കോൺഗ്രസിന്റെ മാധ്യമവിഭാഗം തലവൻ പവൻ ഖേര എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വയനാട്, റായ്ബറേലി, കനൗജ് തുടങ്ങിയ പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കളുടെ ലോക്‌സഭാ സീറ്റുകളിൽ ക്രമക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ കഴിഞ്ഞ ദിവസം ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തെ ആയുധമാക്കിയാണ് പവൻ ഖേര ഈ ആവശ്യം ഉന്നയിച്ചത്.
അനുരാഗ് ഠാക്കൂറിന്റെ വാർത്താസമ്മേളനം കള്ളവോട്ടുകളുണ്ടെന്ന കോൺഗ്രസിന്റെ ആരോപണം ശരിവെക്കുന്നതാണെന്നും, ഇത്തരം കള്ളവോട്ടുകളുടെ സഹായത്താലാണ് മോദി വാരണാസി സീറ്റിൽ വിജയിച്ചതെന്നും പവൻ ആരോപിച്ചു. ഒന്നരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച വാരണാസിയിലെ ഇലക്ട്രോണിക് വോട്ടർപട്ടിക പുറത്തുവിട്ടാൽ സത്യം പുറത്തുവരുമെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാക്കളുടെ സീറ്റുകളിലെ വോട്ടർപട്ടിക അനുരാഗിന് എങ്ങനെ എളുപ്പത്തിൽ ലഭിച്ചുവെന്നും കോൺഗ്രസ് സംശയം പ്രകടിപ്പിച്ചു. ഒരു നിയമസഭാ മണ്ഡലത്തിലെ കള്ളവോട്ടുകൾ തിരിച്ചറിയാൻ കോൺഗ്രസിന് ആറ് മാസമെടുത്തെങ്കിൽ, പ്രതിപക്ഷ നേതാക്കളുടെ ആറ് ലോക്‌സഭാ മണ്ഡലങ്ങളിലെ വിവരങ്ങൾ വെറും ആറ് ദിവസത്തിനുള്ളിൽ അനുരാഗിന് ലഭിച്ചത് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിയുടെ സൂചനയാണെന്ന് പവൻ ഖേര ആരോപിച്ചു.
രാഹുൽ ഗാന്ധിയുടേതിന് സമാനമായി അനുരാഗ് ഠാക്കൂറും ആരോപണങ്ങൾ ഉന്നയിച്ചിട്ടും അദ്ദേഹത്തോട് സത്യവാങ്മൂലം ആവശ്യപ്പെടാത്തതെന്തുകൊണ്ടാണെന്നും കോൺഗ്രസിന്റെ ദേശീയ വക്താവായ പവൻ ഖേര ചോദിച്ചു.
Election Commission against ‘vote-rigging’; Congress demands annulment of last year’s Lok Sabha elections