ന്യൂഡൽഹി: വോട്ട് ചോരി ആരോപണം ഉന്നയിച്ച് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വിചിത്ര മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. അമ്മമാരുടെയും പെൺമക്കളുടെയും മരുമക്കളുടെയും സിസിടിവി വീഡിയോകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പങ്കിടണോ എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ വിചിത്ര ചോദ്യം.
വോട്ടർമാരുടെ ഫോട്ടോകൾ ഉപയോഗിച്ച് ആരോപണം ഉന്നയിച്ചത് ശ്രദ്ധയിൽപെട്ടുവെന്നും എന്നാൽ വോട്ടർപട്ടികയിൽ പേരുള്ളവർ മാത്രമാണ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുള്ളതെന്നും ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നിരവധി വോട്ടർമാരുടെ ഫോട്ടോകൾ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങളുടെ മുമ്പിൽ പ്രദർശിപ്പിച്ചതായി കണ്ടു. അവ ഉപയോഗിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. അമ്മമാരുടെയും പെൺമക്കളുടെയും മരുമക്കളുടെയും സിസിടിവി വീഡിയോകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പങ്കിടണോ? വോട്ടർപട്ടികയിൽ പേരുള്ളവർ മാത്രമേ അവരുടെ സ്ഥാനാർഥിയെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്തിട്ടുള്ളൂ’ – തിരഞ്ഞെടുപ്പ് കമ്മിഷണർ.
ഒരു കോടിയിൽ അധികം ജീവനക്കാരും 10 ലക്ഷത്തിൽപരം ബൂത്ത് ലെവൽ ഏജന്റുമാരും 20 ലക്ഷത്തിലധികം സ്ഥാനാർഥികളുടെ പോളിങ് ഏജന്റുമാരും തിരഞ്ഞെടുപ്പിനായി പ്രവർത്തിക്കുന്നു. ഇത്രയധികം ആളുകളുടെ മുമ്പിൽ ഇത്രയും സുതാര്യമായ പ്രക്രിയയിൽ ഏതെങ്കിലും വോട്ടർമാർക്ക് വോട്ട് മോഷ്ടിക്കാൻ കഴിയുമോ എന്നും ഗ്യാനേഷ് കുമാർ ചോദിച്ചു.
Election Commission gives strange reply to Rahul Gandhi