എറണാകുളം ജില്ലയിലെ കോതമംഗലം കോട്ടപ്പടി വടക്കുംഭാഗത്ത് ജനവാസ മേഖലയിലെ ഒരു കിണറ്റിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരകയറ്റി. കരയിലെത്തിയ ഉടൻ ആന കാട്ടിലേയ്ക്ക് ഓടിപ്പോയി. ഇതോടെ നാട്ടുകാർ ആശ്വാസത്തോടെ പുഞ്ചിരിച്ചു.
ശനിയാഴ്ച രാത്രി വിച്ചാട്ട് വർഗീസിന്റെ വീട്ടുവളപ്പിലെ കുടിവെള്ള കിണറ്റിലായിരുന്നു സംഭവം. പ്രദേശത്ത് സ്ഥിരമായി ഇറങ്ങി കൃഷി നശിപ്പിക്കുകയും മറ്റു നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്ന അതേ കാട്ടാനയാണിതെന്ന് നാട്ടുകാർ പറഞ്ഞു.
ആനയെ ഉടൻ രക്ഷപ്പെടുത്താൻ അനുവദിക്കാതെ നാട്ടുകാർ ആദ്യം പ്രതിഷേധിച്ചു.“വന്യജീവി ശല്യം തീർക്കാതെ ആനയെ പുറത്തെടുക്കാൻ അനുവദിക്കില്ല” എന്നാണ് നാട്ടുകാരുടെ നിലപാട്.കൃഷിയും കുടിവെള്ളവും നഷ്ടപ്പെടുന്ന അവസ്ഥയിൽ ആളുകൾക്ക് ജീവിക്കാൻ പ്രയാസമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ശേഷം ജില്ലാ കളക്ടർ സ്ഥലത്തെത്തി എത്രയും പെട്ടെന്ന് ഇലക്ട്രിക് ഫെൻസിങ് സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയത് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പ്രദേശത്ത് നിരന്തരം കാട്ടാനകളുടെ ശല്യം അനുഭവപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.മുമ്പും ഇവിടെ ഒരു ആക്രമണകാരിയായ കാട്ടാന കിണറ്റിൽ വീണിരുന്നു.അന്ന് നാട്ടുകാർ പിടികൂടണമെന്നാവശ്യപ്പെട്ടെങ്കിലും അധികൃതർ രക്ഷപ്പെടുത്തി കാട്ടിലേയ്ക്ക് വിട്ടു.ഇപ്പോഴും നാട്ടുകാർക്ക് ആശങ്ക തുടരുന്നു. “കാട്ടാന ശല്യം കാരണം കൃഷി ചെയ്യാനും പുതിയ കിണർ കുഴിക്കാനും കഴിയുന്നില്ല” എന്നാണ് അവരുടെ പരാതി.
Elephant Rescued After Falling Into Well in Kothamangalam












