ന്യൂയോർക്ക്: ആപ്പിളിനും ഓപ്പണ്‍ എഐയ്ക്കുമെതിരെ നിയമനടപടിയുമായി ഇലോണ്‍ മസ്‌കിന്റെ എഐ സ്റ്റാര്‍ട്ടപ്പായ എക്‌സ്എഐ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപണിയിലെ മത്സരം തടയാന്‍ നിയമവിരുദ്ധമായി ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് എക്‌സ്എഐ തിങ്കളാഴ്ച ടെക്‌സാസിലെ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയത്.
ആപ്പിളും ഓപ്പണ്‍ എഐയും വിപണിയിലെ മേധാവിത്വം ഉപയോഗിച്ച് വിപണിയില്‍ തടസം സൃഷ്ടിക്കുകയാണെന്നും അക്കാരണത്താല്‍ എക്‌സ്, എക്‌സ്എഐ പോലുള്ള സ്ഥാപനങ്ങള്‍ക്ക് വിപണിയില്‍ മത്സരിക്കാനാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
ഓപ്പണ്‍ എഐയുമായി സഹകരിച്ചാണ് ആപ്പിള്‍ ഐഫോണുകളുടേയും മാക്കിന്റെയും ഐപാഡിന്റേയും ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ എഐ ഫീച്ചറുകള്‍ എത്തിക്കുന്നത്. ഈ പങ്കാളിത്തത്തെ തുടര്‍ന്ന് ഓപ്പണ്‍ എഐയുടെ ആപ്പുകള്‍ക്ക് ആപ്പ് സ്റ്റോറില്‍ പ്രോത്സാഹനം നല്‍കുന്നുവെന്നും എക്‌സ് ആപ്പിനെയും ഗ്രോക്ക് ആപ്പിനേയും അവഗണിക്കുകയാണെന്നാണ് എക്‌സ് എഐ പറയുന്നത്.
ഈ കരാറില്ലായിരുന്നുവെങ്കില്‍ തങ്ങളുടെ ആപ്പുകളെ അവഗണിക്കാന്‍ ആപ്പിളിന് മറ്റ് കാരണങ്ങളില്ലെന്ന് എക്‌സ് എഐ പരാതിയില്‍ ആരോപിക്കുന്നു. കോടിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി.
ഇലോണ്‍ മസ്‌ക് നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര ഉപദ്രവത്തിന്റെ ഭാഗമാണ് പുതിയ പരാതിയെന്ന് ഓപ്പണ്‍ എഐ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ആപ്പിള്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
4.9 ശരാശരിയുള്ള ലക്ഷക്കണക്കിന് റിവ്യൂവകള്‍ ഗ്രോക്ക് ആപ്പിന് ലഭിച്ചിട്ടുണ്ട്. എന്നിട്ടും ആപ്പ്‌സ്റ്റോറിലെ ലിസ്റ്റുകളിലൊന്നും ഗ്രോക്ക് ഉള്‍പ്പെട്ടിട്ടില്ല. എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ മസ്‌ക് പറഞ്ഞു. മറ്റൊരു എഐ കമ്പനിക്ക് ഓപ്പണ്‍ എഐയെ മറികടന്ന് ആപ്പ്‌സ്റ്റോറില്‍ ഒന്നാമതെത്തുക സാധ്യമല്ലെന്നും മസ്‌ക് പറഞ്ഞു.
Elon Musk’s XAI takes legal action against Apple and Open AI