ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരർക്കെതിരായ പോരാട്ടത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ഭീകരർ ക്കെതിരായ ഓപ്പറേഷൻ അഖൽ ഒൻപതാം ദിവസത്തിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് സൈനികർ കെ കൊല്ലപ്പെട്ടത്. നാലു സൈനീകർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിലാണ് സൈനികർ കൊല്ലപ്പെട്ടത്. മേഖലയിൽ ഇപ്പോഴും സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്.
പൃഥ്പാൽ സിംഗ്, ഹർമിന്ദർ സിംഗ് എന്നീ സൈനീകരാണ് കൊല്ലപ്പെട്ടത്.ദക്ഷിണ കശ്മീരിലെ കുൽഗാമിൽ നടത്തിയിട്ടുള്ള ഏറ്റവും നീണ്ടുനിൽക്കുന്ന ഭീകര വിരുദ്ധ ഓപ്പറേഷനുകളിൽ ഒന്നാണ് ഓപ്പറേഷൻ അഖൽ. ഭീകരർ ഒളിവിൽ കഴിയുന്നതിനാൽ പ്രതിരോധ സേന കുൽഗാമിലെ വിവിധ സ്ഥലങ്ങളിൽ വ്യാപക തിരച്ചിൽ നടത്തുകയാണ്. ഡ്രോൺ സഹായത്തോടെ സ്പെഷ്യൽ ഫോഴ്‌സുകളുടെയും പ്രത്യേക സംഘങ്ങളുടെയും നേതൃത്വത്തിലായാണ് ഓപ്പറേഷൻ അഖൽ പുരോഗമിക്കുന്നത്.
കൂടുതൽ ഏറ്റുമുട്ടലുകൾക്ക് സാധ്യത ഉള്ളതിനാൽ പ്രദേശത്ത് ശക്തമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.സേനയുടെ ചിനാർ കോർപ്പ്സ് അവരുടെ ഔദ്യോഗിക ട്വിറ്ററിലൂടെയായിരുന്നു സൈനീകർ കൊല്ലപ്പെട്ട വിവരം അറിയിച്ചത്.
“ രാജ്യസേവനത്തിനായി കർമ്മനിരതരായിരുന്ന ലാൻസ് നായക് പൃഥ്പാൽ സിംഗിന്റെയും ഹർമിന്ദർ സിംഗിന്റെയും ത്യാഗം സ്മരിക്കുന്നു. അവരുടെ ധൈര്യവും സമർപ്പണവും നമ്മെ എന്നും പ്രചോദിപ്പിക്കും. ഇന്ത്യൻ സൈന്യം വീര മൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ആഴത്തിലുള്ള അനുശോചനം അറിയിക്കുന്നു,” ചിനാർ കോർപ്പ്സ് ട്വീറ്റ് ചെയ്തു.
Encounter against terrorists in Kashmir; Two soldiers martyred