മഴയ്ക്കും തടുക്കാനായില്ല തൃശൂരിന്റെ വിജയം: ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ തൃശൂര്‍ ടൈറ്റന്‍സിന് ഗംഭീര ജയം, പോയിന്റ് പട്ടികയില്‍ ഒന്നാമത്

മഴയ്ക്കും തടുക്കാനായില്ല തൃശൂരിന്റെ വിജയം: ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ തൃശൂര്‍ ടൈറ്റന്‍സിന് ഗംഭീര ജയം, പോയിന്റ് പട്ടികയില്‍ ഒന്നാമത്

തിരുവനന്തപുരം: അഹമ്മദ് ഇമ്രാന്റെയും അക്ഷയ് മനോഹറിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് കരുത്തിലും എം.ഡി നിധീഷിന്റെ ബൗളിംഗിന്റെ പിന്തുണയിലും തൃശൂര്‍ ടൈറ്റന്‍സിന് ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ 11 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ കേരളാ ക്രിക്കറ്റ് ലീഗില്‍ അഞ്ചു കളിയില്‍ നിന്നും നാലു വിജയവുമായി എട്ടു പോയിന്റോടെ തൃശൂര്‍ ഒന്നാമത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ 20 ഓവറില്‍ നാലു വിക്കറ്റിന് 222 റണ്‍സെടുത്തു. ഓപ്പണര്‍ അഹമ്മദ് ഇമ്രാനു രണ്ടു റണ്‍സിനാണ് സെഞ്ചുറി നഷ്ടമായത്.
നാലു സിക്‌സറുകളും 13 ബൗണ്ടറിയും ഉള്‍പ്പെടെ 98 റണ്‍സാണ് അഹമ്മദ് ഇമ്രാന്‍ അടിച്ചു കൂട്ടിയത്. 22 പന്തില്‍ നിന്നും ഏഴു കൂറ്റന്‍ സിക്‌സറുകള്‍ ഉള്‍പ്പെടെ 54 റണ്‍സ് നേടിയ അക്ഷയ് മനോഹര്‍ തൃശൂരിന്റെ സ്‌കോര്‍ 200 കടക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 223 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സ് ആദ്യ ഓവറിലെ രണ്ടു പന്ത് നേരിട്ടപ്പോള്‍ മഴ ആരംഭിച്ചു. ഒരു മണിക്കൂറോളം സമയം മഴ കളി തടസപ്പെടുത്തി. ഇതേ തുടര്‍ന്ന് വിജെഡി നിയമപ്രകാരം ട്രിവാന്‍ഡ്രത്തിന്റെ വിജയലക്ഷ്യം 12 ഓവറില്‍ 148 റണ്‍സായി ചുരുക്കി. നിശ്ചിത 12 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. തൃശൂരിന് 11 റണ്‍സിന്റെ ആധികാരിക വിജയം. മൂന്ന് ഓവറില്‍ 19 റണ്‍സ് വിട്ടു നല്‍കി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ എം.ഡി നിധീഷാണ് പ്ലയര്‍ ഓഫ് ദ മാച്ച്

ആനന്ദ് കൃഷ്ണന്‍- അഹമ്മദ് ഇമ്രാന്‍ സഖ്യമാണ് ഓപ്പണിംഗിനിറങ്ങിയത് 9.5-ാം ഓവറില്‍ തൃശൂരിന് ആദ്യ വിക്കറ്റ് നഷ്ടമായി. ടീം സ്‌കോര്‍ 99 റണ്‍സില്‍ നില്ക്കെ ഓപ്പണര്‍ ആനന്ദ് കൃഷ്ണനെ 32(26) എം. നിഖില്‍ ബൗള്‍ഡ് ആക്കി. തൊട്ടടുത്ത പന്തില്‍ റണ്ണൊന്നുമെടുക്കാതെ വിഷ്ണു മേനോനും നിഖിലിനു കീഴടങ്ങി. തുടര്‍ന്നെത്തിയ ഷോണ്‍ റോജറുമായി ചേര്‍ന്ന് ഇമ്രാന്‍ സ്‌കോറിംഗ് വേഗത്തിലാക്കി. 14.1-ാം ഓവറില്‍ ഇമ്രാനെ അബ്ദുള്‍ ബാസിതിന്റെ പന്തില്‍ അദ്വൈത് പ്രിന്‍സ് സ്റ്റംപ് ചെയ്തു പുറത്താക്കി. 49 പന്തില്‍ നിന്നും നാലു സിക്‌സറുകളും 13 ബൗണ്ടറിയും ഉള്‍പ്പെടെയായിരുന്നു 98 റണ്‍സിന്റെ ഇന്നിംഗ്സ്.

തുടര്‍ന്നെത്തിയ അക്ഷയ് മനോഹര്‍ തുടര്‍ച്ചയായി സിക്സറുകള്‍ പായിച്ച് സ്‌കോറിംഗ് വേഗത്തിലാക്കി. 19-ാം ഓവറില്‍ തൃശൂര്‍ സ്‌കോര്‍ 200 കടന്നു. ഈ ഓവറിലെ അവസാന പന്തില്‍ ആസിഫ് സലിം, ഷോണ്‍ റോജറിനെ 31(20) ബഷീറിന്റെ കൈകളിലെത്തിച്ചു. ബേസില്‍ തമ്പി എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ തൃശൂര്‍ നേടിയത് 19 റണ്‍സ്. 20 ഓവറില്‍ നാലിന് 222 റണ്‍സ് എന്ന നിലയില്‍ തൃശൂരിന്റെ ഇന്നിംഗ്സ് അവസാനിച്ചു.

223 റണ്‍സ് വിജയലക്ഷ്യവുമായി ട്രിവാന്‍ഡ്രം മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ തന്നെ മഴ തുടങ്ങി. ഇതിനു പിന്നാലെ ഓവറുകള്‍ വെട്ടിക്കുറച്ചാണ് മഴയ്ക്ക് ശേഷം മത്സരം പുനരാരംഭിച്ചത്. വിജെഡി നിയമപ്രകാരം 12 ഓവറില്‍ 148 റണ്‍സ് വിജയലക്ഷ്യത്തിന് ആദ്യ ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ കൃഷ്ണപ്രസാദിന്റെ വിക്കറ്റ് നഷ്ടമായി. എം.ഡി നിധീഷിന്റെ പന്തില്‍ ഷോണ്‍ റോജര്‍ പിടിച്ചാണ് കൃഷ്ണപ്രസാദിനെ പുറത്താക്കിയത്. റിയാ ബഷീര്‍ -ഗോവിന്ദ് പൈ കൂട്ടുകെട്ട് 21 പന്തില്‍ 50 റണ്‍സ് കുറിച്ചു. അഞ്ചാം ഓവറിലെ അവസാന പന്തില്‍ അജിനാസ് റിയാ ബഷീറിനെ 23(12) ക്ലീന്‍ ബൗള്‍ഡാക്കി.

തിരുവനന്തപുരം 68 ന് രണ്ട് എന്ന നിലയില്‍ തുടര്‍ന്നെത്തിയ എം. നിഖിലുമായി ചേര്‍ന്ന് ഗോവിന്ദ് പൈ സ്‌കോറിംഗ് വേഗത്തിലാക്കി. 20 പന്തില്‍ നിന്ന് ഗോവിന്ദ് പൈ അര്‍ധ സെഞ്ചുറി നേടി 7.5-ആം ഓവറില്‍ എം. നിഖിലിനെ 12(8) അജിനാസിന്റെ പന്തില്‍ നിധീഷ് പിടിച്ച് പുറത്താക്കി. തിരുവനന്തപുരത്തിന്റെ ആക്രമണകാരിയായ ബാറ്റ്‌സ്മാന്‍ ഗോവിന്ദ് പൈയെ 63(26) എം.ഡി നിധീഷ് ഷോണ്‍ റോജറിന്റെ കൈകളിലെത്തിച്ചു. 8.5 -ാം ഓവറില്‍ ട്രിവാന്‍ഡ്രത്തിന്റെ അപകടകാരിയായ ബാറ്റ്‌സ്മാന്‍ അബ്ദുള്‍ ബാസിതിന്റെ വിക്കറ്റും എം.ഡി നിധീഷ് പിഴുതു. മൂന്നു പന്തില്‍ നിന്നും രണ്ടു റണ്‍സെടുത്ത അബ്ദുള്‍ ബാസിതിനെ നിധീഷിന്റെ പന്തില്‍ അക്ഷയ് മനോഹര്‍ പിടിച്ച് പുറത്താക്കി. അവസാന മൂന്ന് ഓവറില്‍ തിരുവനന്തപുരത്തിന് വിജയിക്കാന്‍ വേണ്ടത് 19 റണ്‍സ്. 10-ാം ഓവറില്‍ സഞ്ജീവ് സതീശനെ മൂന്ന്(മൂന്ന്) സിജോമോന്‍ ജോസഫ് പുറത്താക്കി.

10 ഓവര്‍ പിന്നിട്ടപ്പോള്‍ ട്രിവാന്‍ഡ്രം റോയല്‍സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 116 എന്ന നിലയില്‍ അവസാന ഓവറില്‍ ട്രിവാന്‍ഡ്രത്തിനു വിജയിക്കാന്‍ വേണ്ടത് 22 റണ്‍സ്. സിബിന്‍ ഗിരീഷ് എറിഞ്ഞ ഈ ഓവറിലെ ആദ്യ മൂന്നു പന്തുകളിലും സിംഗിളുകള്‍ മാത്രം വിട്ടു നല്കി സിബിന്‍ തൃശൂരിനെ വിജയത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു നാലം പന്തില്‍ ബൗണ്ടറി. അവസാന രണ്ടു പന്തുകളിലും സിംഗിളുകള്‍ മാത്രം വിട്ടുകൊടുത്ത് സിബിന്‍ ഗിരീഷ് തൃശൂര്‍ ടൈറ്റന്‍സിന് 11 റണ്‍സിന്റെ ജയം സമ്മാനിച്ചു. ഇന്നലത്തെ വിജയത്തോടെ അഞ്ച് കളിയില്‍ നിന്നും എട്ടു പോയിന്റുമായി തൃശ്ശൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

Even rain could not stop Thrissur’s victory: Thrissur Titans registered a stunning victory over Trivandrum Royals, topping the points table

Share Email
Top