വാഷിങ്ടൻ: വർഷങ്ങളായി ഒളിവ് ജീവിതം നയിച്ച, അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ തിരഞ്ഞ കൊടുംകുറ്റവാളിയെ ഇന്ത്യയിൽ നിന്ന് പിടികൂടി. എഫ്.ബി.ഐയുടെ പത്ത് കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ട സിൻഡി റോഡ്രിഗസ് സിങ്ങിനെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ആറ് വയസ്സുള്ള സ്വന്തം കുഞ്ഞിനെ ടെക്സസിലെ വീട്ടിൽവെച്ച് കൊലപ്പെടുത്തിയ കുറ്റമാണ് സിൻഡിക്കെതിരെ ചുമത്തിയിട്ടുള്ളത്.
2024-ല്‍ സിൻഡിക്കെതിരേ ഇന്റർപോള്‍ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ ജൂലൈമാസത്തിലാണ് മോസ്റ്റ് വാണ്ടഡ് കുറ്റവാളിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതിലെ നാലാംപേരുകാരിയായിരുന്നു സിൻഡി. ഇന്ത്യൻ അധികൃതരുടെയും ഇന്റർപോളിന്റെയും കൂടി സഹായത്തോടെയാണ് സിൻഡിയെ അറസ്റ്റ് ചെയ്തത്. യുഎസിലേക്ക് കൊണ്ടുപോകുന്ന സിൻഡിയെ ശേഷം ടെക്സാസിലെ അധികൃതർക്ക് കൈമാറുമെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു
ശ്വാസസംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള ശാരീരിക മാനസിക വെല്ലുവിളികൾ നേരിട്ടിരുന്ന നോയൽ റോഡ്രിഗസ് അൽവാരസിനെയാണ് സിൻഡി അപായപ്പെടുത്തിയത്. 2023 മാർച്ചിൽ നോയൽ മാതാവിനൊപ്പമില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് മനസ്സിലായി. ചോദ്യം ചെയ്തപ്പോൾ കുട്ടി പിതാവിനൊപ്പം മെക്സിക്കോയിലാണെന്നാണ് സിൻഡി മൊഴി നൽകിയത്. എന്നാൽ യാത്രാരേഖകൾ പരിശോധിച്ചപ്പോൾ അധികാരികൾക്ക് അമ്മ കള്ളം പറയുകയാണെന്ന് മനസ്സിലായി. ഇതിനു പിന്നാലെ സിൻഡി ഇന്ത്യൻ വംശജനായ രണ്ടാം ഭർത്താവിനും കുട്ടികൾക്കുമൊപ്പം രഹസ്യമായി രാജ്യം വിടുകയായിരുന്നു. ഇവർക്കൊപ്പം നോയൽ സഞ്ചരിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് 2023 ഒക്ടോബറിൽ കോടതി വാറന്റ് പുറപ്പെടുവിക്കുകയും അന്വേഷണം എഫ്.ബി.ഐക്ക് കൈമാറുകയും ചെയ്തു. ഇന്ത്യ ഉൾപ്പെടെ 190 രാജ്യങ്ങളിൽ സിൻഡി റോഡ്രിഗസ് സിങ്ങിനുവേണ്ടി എഫ്.ബി.ഐ അന്വേഷണം നടത്തി. എഫ്.ബി.ഐയുടെ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഇടം നേടിയതോടെ സിൻഡിയുടെ തലക്ക് കോടികൾ വിലയിട്ടു. ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ഹിന്ദിയിലും ഇവരെക്കുറിച്ചുള്ള പരസ്യങ്ങൾ നൽകിയിരുന്നു. സിൻഡിയെ കണ്ടെത്തിയ ശേഷം ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മാസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് വിവരം യു.എസിന് കൈമാറിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ പൂർത്തിയാക്കി അമേരിക്കക്ക് കൈമാറി. ഇതോടെ കഴിഞ്ഞ ഏഴ് മാസത്തിനിടെ എഫ്.ബി.ഐയുടെ ടോപ് 10 പിടികിട്ടാപ്പുള്ളികളിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ട്.
FBI’s most wanted criminal arrested in India; wanted in 190 countries