ഡാളസ്: കരോൾട്ടനിലെ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ കന്യക മറിയാമിന്റെ ശൂനോയോ പെരുന്നാൾ ആഗസ്റ്റ് 16, 17 തീയതികളിൽ നടക്കും. ആഗസ്റ്റ് 10-ന് വികാരി ഫാ. പോൾ തോട്ടക്കാട്ട് കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
മരിച്ചതിന് ശേഷം ഗത്സെമൻ തോട്ടത്തിൽ അടക്കം ചെയ്യപ്പെട്ട കന്യക മറിയാമിന്റെ ശരീരം മൂന്നാം ദിവസം മാലാഖമാരാൽ ഉയർത്തപ്പെട്ടതിന്റെ ഓർമ്മ പുതുക്കലാണ് ശൂനോയോ പെരുന്നാൾ. എല്ലാ വർഷവും ആഗസ്റ്റ് 15-നാണ് വാങ്ങിപ്പ് പെരുന്നാൾ ആഘോഷിക്കുന്നത്.
ഈ വർഷത്തെ പെരുന്നാളിന് മൂവാറ്റുപുഴ, അങ്കമാലി മേഖലകളുടെ മെത്രാപ്പോലീത്ത മോർ അന്തിമോസ് മാത്യൂസ് തിരുമേനി മുഖ്യാതിഥിയായിരിക്കും. ആഗസ്റ്റ് 16-ന് വൈകുന്നേരം സന്ധ്യാപ്രാർത്ഥനയ്ക്കുശേഷം മോർ അന്തിമോസ് മാത്യൂസ് തിരുമേനിയുടെ വചന ശുശ്രൂഷയുണ്ടാകും. ആഗസ്റ്റ് 17-ന് രാവിലെ പ്രഭാത പ്രാർത്ഥനയ്ക്കുശേഷം അദ്ദേഹത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന നടക്കും.
കുർബ്ബാനയെ തുടർന്ന് കന്യക മറിയാമിന്റെ മദ്ധ്യസ്ഥ പ്രാർത്ഥനയും വാദ്യമേളങ്ങളോടെ പള്ളിക്ക് ചുറ്റും പ്രദക്ഷിണവും ഉണ്ടാകും. തുടർന്ന് സ്നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും.
വികാരി ഫാ. പോൾ തോട്ടക്കാട്ട്, ഇടവകാംഗങ്ങളെയും വിശ്വാസികളെയും പെരുന്നാളിൽ പങ്കുചേരാൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് വൈസ് പ്രസിഡന്റ് സാജുമോൻ മത്തായി (972638585), സെക്രട്ടറി ലിജോ ജോർജ് (2147936746), ട്രഷറർ ബിനു ഇട്ടി (2019939383) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Feast of the Assumption of the Blessed Virgin Mary at St. Mary’s Malankara Jacobite Syrian Church in Carrollton