തിരുവനന്തപുരം: സിനിമകളിൽ നിയന്ത്രണമില്ലാതെ അക്രമരംഗങ്ങൾ കടന്നുവരുന്നത് കുട്ടികളുടെ മനോഘടനയെപ്പോലും ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്ര നയരൂപീകരണ കോൺക്ലേവ് ഉദ്ഘാടനം ചെയ്തുകൊണ്ട് സാരിക്കുകയായിരുന്നു അദ്ദേഹം. അതിഭീകരമായ അക്രമ ദൃശ്യങ്ങൾ ഒഴിവാക്കാൻ ചലച്ചിത്ര സംവിധായകർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
രാസ ലഹരി ഉപയോഗം മഹത്വവൽക്കരിക്കുന്ന ചിത്രങ്ങൾ വർദ്ധിച്ചുവരുന്നുവെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഇത്തരം പ്രവണതകളിൽ നിന്ന് സിനിമാ മേഖല മാറിനിൽക്കണം. മയക്കുമരുന്ന് ഉപയോഗം പ്രചരിപ്പിക്കുന്നത് അതിനെ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണെന്നും, ഇത് സമൂഹത്തിന് ദോഷകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചലച്ചിത്ര-കലാ രംഗത്തുള്ളവർ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മാതൃക സൃഷ്ടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഫിലിം പോളിസി കോൺക്ലേവ് പുതിയ ആശയങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിക്കാനുള്ള തുറന്ന സംവാദ വേദിയാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സിനിമാ മേഖലയുടെ സമഗ്ര വളർച്ചയ്ക്ക് ഇത് സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കേരള ചലച്ചിത്ര മേഖലയുടെ നയരൂപീകരണവുമായി ബന്ധപ്പെട്ട ഫിലിം പോളിസി കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത നടന്മാരായ മോഹൻലാലും സുഹാസിനി മണിരത്‌നവും ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥികളായി പങ്കെടുത്തു.