കുവൈത്ത് എയർവേയ്സ് വ്യോമയാന രംഗത്ത് രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന നേട്ടങ്ങൾ കൈവരിച്ചു. ആഗസ്റ്റ് അവസാനം പുതിയ എയർബസ് A321 വിമാനവും, വർഷാവസാനം എയർബസ് A330-900 വിമാനവും സർവീസിലേക്ക് എത്തുമെന്ന് കെ.എ.സി ചെയർമാൻ അബ്ദുൽ മുഹ്‌സിൻ അൽ ഫഗാൻ അറിയിച്ചു. സേവനങ്ങളുടെ നവീകരണവും മികച്ച എയർലൈനുകളുടെ പട്ടികയിൽ ഇടം പിടിക്കാനുമുള്ള പദ്ധതികളും തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഓൺബോർഡ് ഭക്ഷണ ഗുണനിലവാരത്തിൽ ലോകത്ത് ഒന്നാം സ്ഥാനവും, 2024-ൽ മിഡിൽ ഈസ്റ്റും ആഫ്രിക്കയും ഉൾപ്പെടുത്തി സമയനിഷ്ഠയിൽ മൂന്നാം സ്ഥാനവും നേടി. ലോകത്തിലെ മികച്ച 109 എയർലൈൻസുകളിൽ 20-ാം സ്ഥാനത്തും കുവൈത്ത് എയർവേയ്സ് എത്തി.
2024-ൽ സൗദി അറേബ്യ റെയിൽവേയുമായി കരാറിൽ ഒപ്പുവെച്ചു. സൗദി എയർലൈൻസുമായുള്ള സംയുക്ത കോഡ് കരാർ ശക്തിപ്പെടുത്തി. അമേഡിയസ് കമ്പനിയുമായി പങ്കാളിത്തം വിപുലീകരിച്ചു. ജർമ്മൻ വ്യോമയാന കമ്പനിയായ ഫ്ലെക്സ്ഫ്ലൈറ്റുമായി സഹകരണം ആരംഭിച്ചു. 26-ാമത് ഗൾഫ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക കാരിയറായി പ്രവർത്തിച്ചു. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്ങുമായി സഹകരണ പ്രോട്ടോക്കോളിലും ഒപ്പുവച്ചു.
ഓഡിറ്റ് ബ്യൂറോയുടെ ചോദ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും സമയബന്ധിതമായ മറുപടി നൽകുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുവെന്നും അബ്ദുൽ മുഹ്‌സിൻ അൽ ഫഗാൻ വ്യക്തമാക്കി.
First in the World for Food Quality; Kuwait Airways Ranks Third in Punctuality in the Middle East and Africa