നെബ്രാസ്ക: മനുഷ്യക്കടത്ത്, വീസ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് ഇന്ത്യൻ വംശജരായ അഞ്ച് പേർ അമേരിക്കയിൽ അറസ്റ്റിലായി. അമേരിക്കയിലെ നെബ്രാസ്കയിലാണ് അമിത് ചൗധരി (32), മാറ്റ് ചൗധരി (33), മഹേഷ് ചൗധരി (38), ഫാൽഗുനി സമാനി (42), കെൻ ചൗധരി (36) എന്നിവർ പിടിയിലായത്. ട്രംപ് ഭരണകൂടത്തിന്റെ അനധികൃത കുടിയേറ്റം തടയാനുള്ള പരിശോധനയ്ക്കിടെ ഇവർ 565,000 ഡോളർ (ഏകദേശം അഞ്ചു കോടി രൂപ) മൂല്യമുള്ള കള്ളപ്പണവുമായി പിടിയിലാവുകയായിരുന്നു. ഹോട്ടലുകൾ വഴി നിയമവിരുദ്ധമായ വരുമാനം നേടിയ ഇവർ, യുഎസ് യു വീസ പ്രോഗ്രാം ദുരുപയോഗം ചെയ്തതിനും അന്വേഷണം നേരിടുന്നുണ്ട്.
പ്രതികൾ നടത്തിയിരുന്ന ഹോട്ടലുകളിൽ 12 വയസ്സിന് താഴെയുള്ള പത്ത് കുട്ടികളെ നിർബന്ധിത ജോലിക്ക് ഉപയോഗിച്ചതായി കണ്ടെത്തി. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വന്ന ഈ കുട്ടികൾക്ക് ന്യായമായ വേതനം ലഭിച്ചിരുന്നില്ല. ഒരു ഹോട്ടൽ മുറിയിൽ കുട്ടികൾ നിലത്ത് കിടന്നുറങ്ങുന്നതും പാറ്റകൾ അവരുടെ മേൽ ഇഴയുന്നതും കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. അധികൃതർ ഈ കുട്ടികളെ മോചിപ്പിച്ചതായി കോടതിയിൽ അറിയിച്ചു.