എ.എസ് ശ്രീകുമാര്‍
കോട്ടയം: സാഹസിക യാത്രാപ്രേമികളുടെ എക്കാലത്തെയും ആവേശമായ മൗണ്ട് എവറസ്റ്റിന്റെ ബേസ് ക്യാമ്പ് കീഴടക്കിയ ചോറ്റാനിക്കര തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ അധ്യാപിക റീന പൊന്നപ്പനെ കുമരകത്ത് ഫൊക്കാന കേരള കണ്‍വന്‍ഷന്റെ വേദിയില്‍ പ്രസിഡന്റ് സജിമോന്‍ ആന്റണി ഉപഹാരം നല്‍കി ആദരിച്ചു. ഫൊക്കാന-മൈല്‍ സ്റ്റോണ്‍ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ച് നടപ്പാക്കിയ ‘സ്വിം കേരള സ്വിം’ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു ഈ ചടങ്ങ്. ഫൊക്കാന സാഹസിക മുന്നേറ്റങ്ങള്‍ക്ക് നല്‍കുന്ന പ്രോല്‍സാഹനത്തിന്റെ ഭാഗമായാണ് റീന പൊന്നപ്പനെ ആദരിക്കുന്നതെന്ന് പ്രസിഡന്റ് സജിമോന്‍ ആന്റണി വ്യക്തമാക്കി.

ഓക്‌സിജന്റെ ലഭ്യതക്കുറവ് പോലുള്ള പ്രതികൂല സാഹചര്യങ്ങളെല്ലാം തരണം ചെയ്തായിരുന്നു യാത്ര. ഏഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെയും റീന പൊന്നപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെയും 14 അംഗ സംഘം മേയ് മൂന്നിന് പുലര്‍ച്ചെയാണ് എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്ര തിരിച്ചത്. മെയ് ആറിന് നേപ്പാളിലെ ലൂക്കലയില്‍ എത്തിയ സംഘം കാല്‍നടയായി എവറസ്റ്റ് ബേസ് ക്യാമ്പിലേയ്ക്ക് തിരിച്ചു. ഗ്ലോബല്‍ പബ്ലിക് സ്‌കൂളും റീ ലൈവ് സാഹസിക ടീമുമായി സഹകരിച്ചായിരുന്നു യാത്ര. ദിവസവും ഒമ്പത് മണിക്കൂര്‍ വരെ ഇവര്‍ യാത്ര ചെയ്തു. അതിനിടെ നാംചേ ബസാര്‍, ഡിംഗ് ബോച്ചേ എന്നിവിടങ്ങളില്‍ കാലാവസ്ഥയുമായി സമരസപ്പെടുന്നതിന്റെ ഭാഗമായി ഓരോ ദിവസം ചെലവഴിച്ചു. മെയ് 15-നാണ് വിജയകരമായി എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കിയത്.
സാഹസികത നിറഞ്ഞ ഈ അഭിമാന നിമിഷത്തില്‍ നീല വസ്ത്രം ധരിച്ച് സമുദ്ര നിരപ്പില്‍ നിന്ന് 5364 മീറ്റര്‍ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലെ കൂറ്റന്‍ പാറക്കെട്ടില്‍ കയറി ഒമ്പത് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളും റീന പൊന്നപ്പനും ചേര്‍ന്ന് ഭാരതത്തെ ഉള്‍പ്പുളകത്തോടെ നെഞ്ചോട് ചേര്‍ത്തു. അസാമാന്യ ധീരതയുടെയും സാഹസികതയുടെയും ദുര്‍ഘട വഴിയുടെ ഉയരങ്ങള്‍ താണ്ടിയ ഈ അപൂര്‍വ യാത്ര മനുഷ്യ ജീവിതങ്ങളെ ആഴത്തില്‍ അറിയാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതായി ‘സ്വിം കേരള സ്വിം’ പരിപാടിയുടെ മുഖ്യ പരിശീലകനും സാഹസിക നീന്തല്‍ താരവുമായ എസ്.പി മുരളീധരന്‍ പറഞ്ഞു.
പാകിസ്താനെതിരെയുള്ള ഓപറേഷന്‍ സിന്ദൂറിന്റെ ഭീതിനിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു, പരീശീലനം ഉള്‍പ്പെടെ മൂന്നു മാസത്തോളം നീണ്ടുനിന്ന ഈ യാത്ര. എന്നാല്‍ യാതൊരു തരത്തിലുമുള്ള ഭയവുമില്ലാതെ റീന പൊന്നപ്പനും സംഘവും എവറസ്റ്റ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് ഇതാദ്യമായാണ് ഒരു സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘം എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് കീഴടക്കുന്നത്. മൈല്‍ സ്റ്റോണ്‍ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സെക്രട്ടറിയും റിട്ടയേഡ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമായ ഡോ. ആര്‍ പൊന്നപ്പന്റെ ഭാര്യയാണ് റീന പൊന്നപ്പന്‍.
Fokana honored Reena Ponnappan who conquered Everest base camp with 14 students