ഇരട്ട തന്ത്രം പയറ്റി നെതന്യാഹു! വെടിനിർത്തൽ നിർദ്ദേശം ഹമാസ് അംഗീകരിച്ചിട്ടും ഇസ്രയേലിന് മൗനം, ബന്ദികളുടെ കുടുംബങ്ങളും ആശങ്കയിൽ

ഇരട്ട തന്ത്രം പയറ്റി നെതന്യാഹു! വെടിനിർത്തൽ നിർദ്ദേശം ഹമാസ് അംഗീകരിച്ചിട്ടും ഇസ്രയേലിന് മൗനം, ബന്ദികളുടെ കുടുംബങ്ങളും ആശങ്കയിൽ

ടെൽ അവീവ്: ഖത്തരി, ഈജിപ്ഷ്യൻ മധ്യസ്ഥർ മുന്നോട്ടുവെച്ച ഏറ്റവും പുതിയ ഗാസ വെടിനിർത്തൽ നിർദ്ദേശം ഹമാസ് അംഗീകരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബന്ദികളെ മോചിപ്പിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും ഉടൻ ചർച്ചകൾ തുടങ്ങുമെന്ന് അവകാശപ്പെടുന്നു.
ഇസ്രായേലിന്റെ ഈ മൗനം, പ്രശ്നത്തോടുള്ള അവരുടെ സമീപനത്തിൽ ഒരു അടിസ്ഥാനപരമായ മാറ്റം സംഭവിച്ചുവെന്ന് സൂചിപ്പിക്കുന്നു.

ഈ നിലപാട് മധ്യസ്ഥരെയും ബന്ദികളുടെ കുടുംബങ്ങളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ബന്ദികളുടെ കുടുംബങ്ങൾ നെതന്യാഹുവിനെതിരെ രംഗത്തെത്തുകയും, അവരുടെ പ്രിയപ്പെട്ടവരെ സർക്കാർ ഉപേക്ഷിച്ചതായി ആരോപിക്കുകയും ചെയ്തു.
18 മാസത്തോളം ഭാഗികമായ, ഘട്ടംഘട്ടമായ വെടിനിർത്തൽ കരാറുകൾക്ക് മാത്രം വഴങ്ങിയ നെതന്യാഹു, ഇപ്പോൾ എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ഇസ്രായേലിന്റെ നിബന്ധനകൾക്കനുസരിച്ച് യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുകയും ചെയ്യുന്ന ഒരു സമഗ്ര കരാറാണ് ആവശ്യപ്പെടുന്നത്. ഈ നയപരമായ മാറ്റം, പ്രധാനമന്ത്രി ഗാസ സിറ്റിയിൽ വലിയ സൈനിക ആക്രമണത്തിനുള്ള പദ്ധതികൾക്ക് വേഗം കൂട്ടുന്ന സമയത്താണ് വരുന്നത്. ഹമാസിനെ പരാജയപ്പെടുത്താൻ യുദ്ധം തുടർന്നുകൊണ്ട് തന്നെ ചർച്ചകൾ നടത്തുക എന്ന ഇരട്ട തന്ത്രമാണ് നെതന്യാഹു ഇപ്പോൾ പിന്തുടരുന്നത്.

Share Email
Top