ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ കിക്ക് ഓഫ് ഓഗസ്റ്റ് 24 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂയോര്‍ക്കില്‍

ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ കിക്ക് ഓഫ് ഓഗസ്റ്റ് 24 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂയോര്‍ക്കില്‍

എ.എസ് ശ്രീകുമാര്‍-ഫോമാ ന്യൂസ് ടീം

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ 9-ാമത് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്‍ 2026-ന്റെ കിക്ക് ഓഫ് ഓഗസ്റ്റ് 24-ാം തീയതി ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂയോര്‍ക്കിലെ എല്‍മോണ്ടിലുള്ള സെന്റ് വിന്‍സെന്റ് ഡി പോള്‍ ഓഡിറ്റോറിയിത്തില്‍ (1500 DEPAUL STREET ELMONT. NY. 11003) ബഹുജന സാന്നിധ്യത്തില്‍ നടക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. എം.എല്‍.എമാരായ മോന്‍സ് ജോസഫ്, മാണി സി കാപ്പന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

ഫോമാ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, വിമന്‍സ് ഫോറം പ്രതിനിധികള്‍, യൂത്ത് ഫോറം ഭാരവാഹികള്‍, എക്‌സ് ഒഫീഷ്യോ തുടങ്ങിയവര്‍ കിക്ക് ഓഫ് ചടങ്ങില്‍ പങ്കെടുക്കും. ജുഡീഷ്യല്‍ കൗണ്‍സില്‍, അഡൈ്വസറി ബോര്‍ഡ്, കംപ്ലെയ്ന്‍സ് കൗണ്‍സില്‍ ഭാരവാഹികള്‍, വിവിധ സബ് കമ്മിറ്റി അംഗങ്ങള്‍, അംഗസംഘടനകളുടെ പ്രതിനിധികള്‍, റീജിയണല്‍ കമ്മിറ്റി മെമ്പേഴ്‌സ്, വിവിധ സാമൂഹിക-സാംസ്‌കാരിക-സാമുദായിക വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ക്ക് പുറമെ എന്‍.കെ ലൂക്കോസ് മെമ്മോറിയല്‍ വോളി ബോള്‍ ടൂണ്‍മെന്റില്‍ പങ്കെടുക്കുന്ന 200-ലധികം താരങ്ങളുടെ സാന്നിധ്യവും കിക്ക് ഓഫ് ചടങ്ങിന് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് നല്‍കും.

ആദ്യ രജിസ്‌ട്രേഷന്റെ ചെക്ക് പ്രസിഡന്റ് സ്വീകരിച്ചു കൊണ്ടാണ് കിക്ക് ഓഫ് ഉദ്ഘാടനം ചെയ്യപ്പെടുക. നിരവധി സ്‌പോണ്‍സര്‍മാരുടെ രജിസ്‌ട്രേഷനും തദവസരത്തില്‍ നടക്കും. രണ്ട് മാസത്തിനുള്ളില്‍ തന്നെ ഫോമായുടെ 12 റീജിയനുകളിലും ഫാമിലി കണ്‍വന്‍ഷന്റെ കിക്കോഫ് നടക്കുന്നതായിരിക്കും. റീജിയനുകളുടെ സൗകര്യമനുസരിച്ച് ഇതിനുള്ള തീയതി നിശ്ചയിക്കുമെന്നും ഫോമാ ഫാമിലി കണ്‍വന്‍ഷന്റെ വിജയത്തിനായി വിവിധ റീജിയനുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിപുലമായ കമ്മറ്റികള്‍ ഉടന്‍ തന്നെ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്നും ബേബി മണക്കുന്നേല്‍ അറിയിച്ചു.

ഫോമായുടെ ഒമ്പതാമത് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്‍ ഒരു ചരിത്ര വിജയമാക്കാന്‍ ഏവരും ഒരേമനസോടെ പ്രവര്‍ത്തിക്കണമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

‘വിന്‍ഡം ഹൂസ്റ്റണ്‍’ ഹോട്ടലില്‍ 2026 ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്. കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുന്നതിനുള്ള എല്ലാവിധ ആത്യാധുനിക സൗകര്യങ്ങളുമുള്ളതാണ് വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ഈ ആഡംബര ഹോട്ടല്‍ സമുച്ചയം. 2500 പേര്‍ക്ക് ഇരിക്കാവുന്ന തീയേറ്റര്‍ സൗകര്യമുള്ള ഹാള്‍, യുവജനങ്ങള്‍ക്കായി 700 പേരുടെ സീറ്റിങ് കപ്പാസിറ്റിയുള്ള ഹാള്‍ എന്നിവയ്ക്ക് പുറമെ വിവിധ മീറ്റിങ്ങുകള്‍ക്കായി 12-ഓളം ഹാളുകളും 1000 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഏരിയയും, 1250 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ലോട്ടും നേരത്തെതന്നെ ബുക്ക് ചെയ്തിട്ടുണ്ട്.

ഫോമയുടെ നൂറിലധികം അംഗസംഘടനകളില്‍ നിന്നുമായി 2500-ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന വിപുലമായ കണ്‍വന്‍ഷനാണ് പ്രതീക്ഷിക്കുന്നതെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു. കൂടാതെ, നാട്ടില്‍നിന്നും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ കണ്‍വന്‍ഷനില്‍ ഉണ്ടായിരിക്കും. വിപുലമായ കലാ-സാംസ്‌കാരിക പരിപാടികള്‍ കണ്‍വന്‍ഷന്‍ സായാഹ്നങ്ങള്‍ക്ക് കൊഴുപ്പേകും.

വിവിധ റീജിയനുകള്‍ തമ്മിലുള്ള കലാമത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ബിസിനസ് രംഗത്ത് മാതൃകാപരമായ മുന്നേറ്റങ്ങള്‍ നടത്തിയവരെയും പുരസ്‌കാരം നല്‍കി ആദരിക്കുന്നതാണ്. ആവേശകരമായ ചീട്ടുകളി, ചെസ്സ്, ചെണ്ടമേളം തുടങ്ങിയ മത്സരങ്ങളും മെഗാതിരുവാതിരയും കേരളത്തനിമയോടെയുളള ഘോഷയാത്രയും കണ്‍വന്‍ഷന്റെ പ്രത്യേകതകളാണ്. വിശദമായ പ്രോഗ്രാം പിന്നാലെ അറിയിക്കുന്നതാണ്. മാത്യൂസ് മുണ്ടയ്ക്കലാണ് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍. ജനറല്‍ കണ്‍വീനറായി സുബിന്‍ കുമാരനും, കണ്‍വന്‍ഷന്‍ ഉള്‍പ്പെടെയുള്ള ഫോമായുടെ വിവധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി സൈമണ്‍ വളാച്ചേരില്‍ മീഡിയ ചെയറായും പി.ആര്‍.ഒ ആയി ഷോളി കുമ്പിളുവേലിയും പ്രവര്‍ത്തിക്കും.

ഫാമിലി കണ്‍വന്‍ഷന് മുന്നോടിയായി ഫോമായുടെ കേരള കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ നടന്നുവരികയാണ്. 2026 ജനുവരി 9-ാം തീയതി ഫോമാ കേരള കണ്‍വന്‍ഷന് തിരിതെളിയുക. രണ്ടാം ദിവസമായ ജനുവരി 10-ാം തീയതി ശനിയാഴ്ച വേമ്പനാട്ട് കായലിലൂടെയുള്ള ആവേശകരമായ ബോട്ട് ക്രൂയിസാണ്. 11-ാം തീയതി എറണാകുളം ഗോകുലം പാര്‍ക്കില്‍ വച്ച് ബിസിനസ് മീറ്റും നടത്തും. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങരയും വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസും മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.എന്‍ വാസവന്‍ ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശിക്കുകയും കേരള കണ്‍വന്‍ഷനിലേക്കും ഹുസ്റ്റണിലെ ഫാമിലി കണ്‍വന്‍ഷനിലേക്കും അവരെ ക്ഷണിക്കുകയും ചെയ്തു. കേരള കണ്‍വന്‍ഷന്‍ നടക്കുന്ന വിന്‍ഡ്‌സര്‍ കാസില്‍ ഹോട്ടല്‍ അധികൃതരുമായി ഇരുവരും നടത്തിയ ചര്‍ച്ചയില്‍ പുരോഗതികള്‍ വിലയിരുത്തി.

Fomaa 9th international family convention kick off at New York on 24th August Sunday

Share Email
Top