ന്യൂയോർക്ക്: ചിപ്പ് നിര്‍മാതാക്കളായ ഇന്റലിന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതിന് ഇന്ത്യക്കാരനായ മുന്‍ എന്‍ജിനീയര്‍ വരുണ്‍ ഗുപ്തയ്ക്ക് രണ്ട് വര്‍ഷത്തെ നല്ലനടപ്പും 34,472 ഡോളര്‍ (ഏകദേശം 30,21,510 രൂപ) പിഴയും വിധിച്ച് കോടതി. എന്നാല്‍ അദ്ദേഹം ജയില്‍ശിക്ഷയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. 2020-ന്റെ തുടക്കത്തില്‍ മൈക്രോസോഫ്റ്റില്‍ ചേരുന്നതിനായി ഇന്റല്‍ വിട്ട വരുണ്‍ ഗുപ്തയ്ക്ക് ആയിരക്കണക്കിന് ഫയലുകള്‍’ മോഷ്ടിച്ചെന്ന കേസിലാണ് വന്‍തുക പിഴയൊടുക്കേണ്ടിവരുന്നത്.
ചോര്‍ത്തിയ രഹസ്യ വിവരങ്ങള്‍ അദ്ദേഹത്തിന് പുതിയ ജോലി നേടാന്‍ സഹായിച്ചുവെന്നും ഇന്റലുമായുള്ള നിര്‍ണായക ചര്‍ച്ചകളില്‍ മൈക്രോസോഫ്റ്റിന് മുന്‍തൂക്കം ലഭിക്കാനിടയായെന്നും പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. ഇന്റലിലെ തന്റെ അവസാന ദിവസങ്ങളില്‍ ഗുപ്ത കമ്പനി സിസ്റ്റങ്ങളില്‍ നിന്ന് രഹസ്യവിവരങ്ങള്‍ രഹസ്യമായി പകര്‍ത്തിയെടുത്തുവെന്നാണ് ഒറിഗോണ്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്റലിന്റെ വിലനിര്‍ണ്ണയ തന്ത്രങ്ങള്‍ വിശദീകരിക്കുന്ന ഒരു പവര്‍പോയിന്റ് അവതരണം അടക്കമുള്ളവയാണ് ചോര്‍ത്തിയത്. എതിരാളികളായ ടെക് കമ്പനികള്‍ക്ക് സ്വപ്നം കാണാന്‍ മാത്രം കഴിയുന്ന തരത്തിലുള്ള സുപ്രധാന രേഖകളാണ് ഗുപ്ത ചോര്‍ത്തി നല്‍കിയത് എന്നാണ് ആരോപണം.
2020 ജനുവരിയില്‍ കമ്പനി വിടുന്നതിന് മുമ്പ് ഗുപ്ത ഒരു ദശാബ്ദത്തോളം പ്രൊഡക്റ്റ് മാര്‍ക്കറ്റിംഗ് എഞ്ചിനീയറായി ഇന്റലില്‍ ജോലി ചെയ്തിരുന്നു. പിന്നീട് മൈക്രോസോഫ്റ്റിലെത്തി. ഗുപ്ത ചോര്‍ത്തിയ ഫയലുകള്‍ രണ്ട് ടെക് ഭീമന്മാര്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ നിര്‍ണായകമായി എന്നാണ് കോടതി രേഖകള്‍ വെളിപ്പെടുത്തുന്നത്. ഗുപ്തയുടെ നീക്കങ്ങള്‍ ബോധപൂര്‍വവും ആവര്‍ത്തിച്ചുള്ളതുമായിരുന്നുവെന്ന് കേസ് വാദിച്ച അസിസ്റ്റന്റ് യുഎസ് അറ്റോര്‍ണി വില്യം നാരസ് വാദിച്ചു. ഗുപ്തയ്ക്ക് എട്ട് മാസത്തെ ഫെഡറല്‍ ജയില്‍ ശിക്ഷ വിധിക്കണമെന്ന് അദ്ദേഹം ജഡ്ജിയോട് ആവശ്യപ്പെട്ടു.
സുപ്രധാന രേഖകള്‍ ചോര്‍ത്തിയത് ഗുപ്തയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര പിഴവായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ സമ്മതിച്ചു. തന്റെ കക്ഷി ഇതിനകം വലിയ വില നല്‍കിക്കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുപ്തയ്ക്ക് ഉയര്‍ന്ന പദവികള്‍ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ഇന്റലുമായുള്ള കേസ് 40,000 ഡോളര്‍ നല്‍കി ഒത്തുതീര്‍പ്പാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ ഗുപ്തയെ ജയിലിലേക്ക് അയക്കാന്‍ വിസമ്മതിച്ച ജഡ്ജി വന്‍തുക പിഴയൊടുക്കാന്‍ വിധിച്ചു. അതിനിടെ, കേസ് അവസാനിച്ചതോടെ സെമികണ്ടക്ടര്‍ ലോകത്തോട് വിട പറയുകയാണ് ഗുപ്ത. പിഴ അടച്ച ശേഷം അദ്ദേഹം ഫ്രാന്‍സിലേക്ക് താമസം മാറും. ഗുപ്ത ഇപ്പോള്‍ മുന്തിരിത്തോട്ട പരിപാലനം പഠിക്കുകയാണെന്നും വൈന്‍ വ്യവസായത്തില്‍ ഒരു പുതിയ തുടക്കം കുറിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏകദേശം 4,000 രേഖകള്‍ അടങ്ങിയ ആയിരക്കണക്കിന് തന്ത്രപ്രധാനമായ ഫയലുകള്‍ ഗുപ്ത കൊണ്ടുപോയതായി ഇന്റല്‍ കണ്ടെത്തിയിരുന്നു. മൈക്രോസോഫ്റ്റ് പ്രതിനിധിയായി പിന്നീട് ഇന്റലുമായി ചര്‍ച്ചകള്‍ നടത്താനെത്തിയ ഗുപ്തയുടെ നീക്കങ്ങളില്‍ ഇന്റല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയതോടെയാണ് കള്ളക്കളി വെളിച്ചത്തുവന്നത്. ഇതോടെ ഇന്റല്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. മൈക്രോസോഫ്റ്റും അന്വേഷണവുമായി സഹകരിച്ചു. ഗുപ്ത രേഖകള്‍ പോര്‍ട്ടബിള്‍ ഉപകരണങ്ങളിലേക്ക് പകര്‍ത്തിയെന്നും ചിലത് മൈക്രോസോഫ്റ്റ് നല്‍കിയ ലാപ്‌ടോപ്പിലേക്ക് അപ്ലോഡ് ചെയ്തുവെന്നും ഒടുവില്‍ അന്വേഷണത്തില്‍ വെളിപ്പെട്ടു. 2021 ഫെബ്രുവരിയില്‍ ഇന്റല്‍ അദ്ദേഹത്തിനെതിരെ കേസ് കൊടുത്തു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേസ് രഹസ്യമായി ഒത്തുതീര്‍പ്പായി. അന്ന് ഗുപ്ത ഏകദേശം 40,000 ഡോളര്‍ ഇന്റലിന് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നിരുന്നാലും, തുടര്‍ന്ന് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ടു.
Former Indian engineer fined $34,472 for leaking Intel confidential information