വാഷിങ്ടണ്‍: റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ അധിക തീരുവ ചുമത്തിയ തീരുമാനം അമേരിക്കയ്ക്കുതന്നെ തിരിച്ചടിയാകുമെന്ന് യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍. ട്രംപിന്റെ അധിക തീരുവ നടപടി ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതല്‍ അടുപ്പിക്കുമെന്നും അമേരിക്കയ്ക്ക് എതിരെ ഈ മൂന്ന് രാജ്യങ്ങളും ഒന്നിക്കുമെന്നും ജോണ്‍ ബോള്‍ട്ടന്‍ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
തീരുവ പ്രഖ്യാപനം അമേരിക്കയ്ക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നു മാത്രമല്ല ഏറ്റവും മോശം ഫലം നല്‍കുമെന്നും ജോണ്‍ ബോള്‍ട്ടന്‍ വ്യക്തമാക്കി. ഇന്ത്യയെ റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും അകറ്റാനുള്ള അമേരിക്കയുടെ പതിറ്റാണ്ടുകളായുള്ള ശ്രമത്തെ ട്രംപ് അപകടത്തിലാക്കി. ഇന്ത്യയുമായുള്ള ബന്ധം മോശമാകാന്‍ ഇടയാക്കിയത് യുഎസിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയായി, ബാൾട്ടൻ പറഞ്ഞു.
ട്രംപിന് ചൈനയോട് മൃദുസമീപനമാണെന്നും ഒരേസമയം ഇന്ത്യയ്ക്ക് തീരുവ ചുമത്തുകയും ചൈനയ്ക്ക് തീരുവ ചുമത്താതിരിക്കുകയുെ ചെയ്തത് ഇന്ത്യ മോശമായി പ്രതികരിക്കാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായി കരാര്‍ ഒപ്പിടാനുള്ള തിരക്കുമൂലം ട്രംപ് യുഎസിന്റെ താല്‍പര്യങ്ങളെ ബലികഴിക്കുകയാണ്. ഇതുവഴി റഷ്യയ്ക്ക് അവരുടെ അജന്‍ഡ നടപ്പാക്കാനും യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവയെ ഉപയോഗപ്പെടുത്താനും സാധിക്കും, ബോൾട്ടൻ ചൂണ്ടിക്കാട്ടി.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കരാറിലേര്‍പ്പെടാനുള്ള തിടുക്കത്തില്‍ ട്രംപ് അമേരിക്കയുടെ താത്പര്യങ്ങളെ ബലിക്കഴിക്കുകയാണെന്ന് ബോള്‍ട്ടന്‍ മുന്‍പ് ചൂണ്ടിക്കാണിച്ചിരുന്നു.
25 ശതമാനം തീരുവയായിരുന്നു ഇന്ത്യയ്ക്കുമേല്‍ അമേരിക്ക ആദ്യം പ്രഖ്യാപിച്ചിരുന്നത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് 25 ശതമാനം കൂടി അധികമായി ചുമത്തി. ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസിൽ 50 ശതമാനം തീരുവയായി. അമേരിക്കയുടെ ഈ തീരുവ പ്രഖ്യാപനത്തോട് ശക്തമായ ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചത്.
Trump’s additional tariff action: India, China and Russia may get closer; Former US security advisor says it will be a setback for America