ഗസ്സയിൽ മെഡിക്കൽ, ദുരിതാശ്വാസ, മാധ്യമ പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഖാൻ യൂനുസിലെ അൽ നാസർ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ അടക്കം 20 പേരെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കുവൈത്തിന്റെ പ്രതികരണം.
ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും മാനുഷിക നിയമത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധമില്ലാത്ത ജനതക്കെതിരെ നടക്കുന്ന വ്യവസ്ഥാപിത കുറ്റകൃത്യങ്ങൾക്കെതിരെ മുന്നറിയിപ്പും മന്ത്രാലയം നൽകി.
ഫലസ്തീൻ ജനതക്കെതിരെ നടക്കുന്ന വംശഹത്യ തടയാൻ അന്താരാഷ്ട്ര സമൂഹവും യു.എൻ സുരക്ഷാ കൗൺസിലും നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. കുറ്റക്കാർ നീതിയിൽ നിന്ന് രക്ഷപ്പെടാൻ ഇടവരുത്തരുതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ:
- റോയിട്ടേഴ്സ് ഫോട്ടോജേണലിസ്റ്റ് ഹുസ്സാം അൽ മസ്‍രി
- അൽ ജസീറ ഫോട്ടോജേണലിസ്റ്റ് മുഹമ്മദ് സലാം
- അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടർ മറിയം അബൂ ദഖ
- എൻ.ബി.സി നെറ്റ്‌വർക്ക് മാധ്യമപ്രവർത്തകൻ മുആസ് അബൂതാഹ
- ഖുദ്സ് ഫീഡ് റിപ്പോർട്ടർ അഹ്മദ് അബൂ അസീസ്
ഗസ്സയിലെ ദുരന്തകരമായ ആക്രമണം അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശക്തമായ ഇടപെടലിന്റെ ആവശ്യകത വീണ്ടും തെളിയിച്ചിരിക്കുകയാണ്.
Gaza Attack: Kuwait strongly condemns the killing of media and relief workers