പത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറയില്‍ സ്വര്‍ണമോ വജ്രമോ : വീണ്ടും ചര്‍ച്ച സജീവമാകുന്നു

പത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറയില്‍ സ്വര്‍ണമോ വജ്രമോ : വീണ്ടും ചര്‍ച്ച സജീവമാകുന്നു

തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറയില്‍ എന്തെല്ലാമുണ്ടെന്ന ചോദ്യം വീണ്ടുും സജീവമാകുന്നു. അമൂല്യ നിധിശേഖരം സൂക്ഷിച്ചിരിക്കുന്നു എന്ന പ്രചാരണമുള്ള ബി നിലവറ തുറക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ഭരണസമിതി യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധി ഉന്നയിച്ചതോടെയാണ് നിലവറയിലെ അമൂല്യ സാധനങ്ങളെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും ചര്‍ച്ചയില്‍ വന്നത്.

ശ്രീ പത്മനാഭസ്വാമിയുടെ ശിരസിന്റെ ഭാഗമായ ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറായാണ് എ, ബി നിലവറകള്‍ സ്ഥിതിചെയ്യുന്നത്.
അമൂല്യ നിധിശേഖരമുണ്ടെന്നു വിശ്വസിക്കുന്ന ഈ നിലവറകള്‍ ഉള്‍പ്പെടെ ആറഉ നിലവറകളാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലുള്ളത്. നിലവറകളിലെ വസ്തുക്കളുടെ കണക്ക് എടുക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 2011 ജൂണില്‍ ബി ഒഴികെയുള്ള നിലവറകള്‍ തുറന്നിരുന്നു

ബി നിലവറ 150 വര്‍ഷത്തിലേറെയായി തുറന്നിട്ടില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ നിലവറ തുറന്നിട്ടുണ്ടെന്നു സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റര്‍ വിനോദ് റായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഈ നിലവറയുടെ ആദ്യത്തെ അറ മാത്രമേ തുറന്നിട്ടുള്ളൂവെന്നും അതിനുള്ളിലെ മറ്റൊരു വാതില്‍ തുറന്നതായി ആരും പറഞ്ഞിട്ടില്ലെന്നും രാജകുടുംബാംഗങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

2011 ല്‍ എ നിലവറ തുറന്നപ്പോള്‍ പ്രവേശന കവാടം കഴിഞ്ഞു വിശാലമായ ഒരു മുറിയാണു കണ്ടത്. അവിടെ തറയില്‍ വലിയ കരിങ്കല്ലുകള്‍ പാകിയിരുന്നു. കല്ലുപാളികള്‍ നീക്കിയപ്പോള്‍ താഴേക്ക് ഒരാള്‍ക്കു മാത്രം ഇറങ്ങാന്‍ കഴിയുന്ന പടികള്‍. അതു ചെന്നു നിന്നത് ഒരാള്‍ക്കു കുനിഞ്ഞു മാത്രം നില്‍ക്കാന്‍ കഴിയുന്ന, 3.67 മീറ്റര്‍ നീളവും 2.27 മീറ്റര്‍ വീതിയും 1.76 മീറ്റര്‍ ഉയരവുമുള്ള അറയിലേക്കാണ്. ഇവിടെ 150 സെന്റീമീറ്റര്‍ നീളവും 212 സെന്റീമീറ്റര്‍ ഉയരവുമുള്ള സേഫ് പോലെ നിര്‍മിച്ച അറയിലാണു നിധിശേഖരം ഉണ്ടായിരുന്നത്. അറ ഗ്രാനൈറ്റില്‍ മോടിപിടിപ്പിച്ചതായിരുന്നു.

ശ്വാസം കിട്ടാത്തതിനാല്‍ അല്‍പനേരം മാത്രമേ അകത്തു നില്‍ക്കാനാകൂ. ഫയര്‍ഫോഴ്‌സ് ഇടയ്ക്കിടെ ഓക്‌സിജന്‍ പമ്പ് ചെയ്തു കൊടുത്താണ് പരിശോധന പൂര്‍ത്തിയാക്കിയത്. ദിവസങ്ങളോളം നീണ്ട പരിശോധനയില്‍ രണ്ടായിരത്തോളം ശരപ്പൊളിസ്വര്‍ണമാലകള്‍ കണ്ടെടുത്തു. ഇവയില്‍ മൂന്നു നാലെണ്ണത്തിനു രണ്ടര കിലോയോളം തൂക്കവും 18 അടി നീളവും ഉണ്ടായിരുന്നു എന്നാണ് വിവരം. ബല്‍ജിയം രത്‌നങ്ങളുടെ വിഭാഗത്തില്‍ പെടുന്ന രത്‌നങ്ങള്‍ ഒരു ചാക്ക് നിറയെ കണ്ടെടുത്തിരുന്നെന്നാണ് സൂചന.

ലക്ഷക്കണക്കിനു കോടി രൂപ മൂല്യം വരുന്ന സമ്പത്തിന്റെ ഉടമയാണ് ശ്രീപത്മനാഭസ്വാമിയെന്ന് അതോടെ ലോകം തിരിച്ചറിഞ്ഞു. ബി നിലവറ തുറക്കണമെന്ന സര്‍ക്കാര്‍ പ്രതിനിധിയുടെ ആവശ്യത്തോട് ഭരണസമിതി യോഗത്തില്‍ മറ്റ് അംഗങ്ങള്‍ ആരും പ്രതികരിച്ചില്ല. ഇന്നലെ നടന്ന യോഗത്തില്‍ തന്ത്രിയും പങ്കെടുത്തിരുന്നില്ല.

Gold or diamonds in the B vault of the Padmanabhaswamy temple: Debate revives again

Share Email
Top