തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശയിലും, ഡിജിറ്റല്‍ സര്‍വകലാശാലയിലും സര്‍ക്കാര്‍ നല്കിയ പാനല്‍ തള്ളി ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചു. ഡോ. സിസ തോമസിനെ ഡിജിറ്റല്‍ വിസിയായും കെ ശിവപ്രസാദിനെ കെടിയു വിസിയുമാക്കിയാണ് വീണ്ടും നിയമിച്ചത്. എന്നാൽ , ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ രംഗത്തെത്തി.
ഗവര്‍ണറുടെ നടപടി സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. വിസിമാരുടെ പുനര്‍നിയമനം സര്‍ക്കാര്‍ ശുപാര്‍ശ അനുസരിച്ചാകണമെന്ന വിധി ഗവര്‍ണര്‍ അംഗീകരിച്ചില്ലെന്നാണ് സര്‍ക്കാര്‍ വാദം.
ഗവര്‍ണ്ണര്‍-സര്‍ക്കാര്‍ പോര് കൂടുതല്‍ കടുപ്പിക്കും വിധമാണ് താല്‍ക്കാലിക വിസി നിയമനം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പ്രകാരം പുറത്തുപോയ സിസ തോമസിനെയും ശിവപ്രസാദിനെയും ചാന്‍സലര്‍ വീണ്ടും നിയമിച്ചത് സുപ്രീംകോടതി വിധി എടുത്ത് കൊണ്ടാണ്. ആറുമാസത്തേക്കാണ് ഇരുവരുടേയും നിയമനം.
പുറത്തുപോയവരെ വീണ്ടും നിയമിക്കാമെന്ന വിധിയിലെ ഭാഗമാണ് രാജ്ഭവന്റെ ആയുധം. എന്നാല്‍ പുനര്‍ നിയമനം ചാന്‍സലര്‍ക്ക് നടത്താമെങ്കിലും രണ്ട് സര്‍വകലാശാലകളിലെയും ചട്ടം അനുസരിക്കണമെന്ന ഭാഗമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്.
ചാന്‍സലറുടെ താല്‍ക്കാലിക നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിന് പിന്നാലെ സര്‍ക്കാര്‍ പാനല്‍ നല്‍കിയിരുന്നു. ഈ പാനല്‍ തള്ളിയാണ് രാജ്ഭവന്റെ പുനര്‍ നിയമനം. ഇനി വീണ്ടും പാനല്‍ കൊടുക്കുന്നതടക്കം ആലോചിക്കുകയാണ് സര്‍ക്കാര്‍. വിജ്ഞാപനത്തിനെതിരെ നിയമനടപടിയും ആലോചിക്കുന്നു സര്‍ക്കാര്‍. വിജ്ഞാപനം ഇറങ്ങിയതിന് തൊട്ടുപിന്നാലെ സിസ തോമസും ശിവപ്രസാദും വിസിമാരായി ചുമതലയേറ്റു
Government rejects panel; Governor again appoints VCs on his own