താത്കാലിക വി.സി നിയമനം പുനഃപരിശോധിക്കില്ലെന്ന് ഗവർണർ; സമവായ സാധ്യത മങ്ങി

താത്കാലിക വി.സി നിയമനം പുനഃപരിശോധിക്കില്ലെന്ന് ഗവർണർ; സമവായ സാധ്യത മങ്ങി

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർമാരെ (വി.സി) നിയമിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്ന് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ. ഈ ആവശ്യം ഉന്നയിച്ച് രാജ്ഭവനിലെത്തിയ നിയമ മന്ത്രി പി. രാജീവ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു എന്നിവരോടാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്. ഇതോടെ സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം രൂക്ഷമാവുകയും, സമവായത്തിനുള്ള സാധ്യത മങ്ങുകയും ചെയ്തു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കത്തയച്ചിരുന്നെങ്കിലും ഗവർണർ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. വി.സി നിയമനങ്ങളിൽ സർക്കാരും ഗവർണറും സഹകരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഈ വിധി സർക്കാരിന് അനുകൂലമാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടിയപ്പോൾ, ഗവർണർ അത് തിരുത്തി. സുപ്രീം കോടതി വിധി സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷമാണ് താത്കാലിക വി.സിമാരെ നിയമിച്ചതെന്നും, സെപ്റ്റംബർ 13-ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഈ കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്നും ഗവർണർ വിശദീകരിച്ചു.

രാവിലെ എട്ടുമണിക്ക് തുടങ്ങിയ കൂടിക്കാഴ്ച 9.45 വരെ നീണ്ടുനിന്നു. ഭരണപരമായ തർക്കത്തെ തുടർന്ന് സിൻഡിക്കേറ്റ് യോഗം ചേരാത്തതിനാൽ സർവകലാശാല കടുത്ത പ്രതിസന്ധിയിലാണ്. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ല, ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങി, കൂടാതെ സോഫ്റ്റ്‌വെയർ, ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള പണവും നൽകിയിട്ടില്ല. സിൻഡിക്കേറ്റ് ചേർന്നാൽ മാത്രമേ ബജറ്റ് വിഹിതം അനുവദിക്കാനും ശമ്പളം നൽകാനും സാധിക്കൂ.

അതേസമയം, ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വി.സിമാരെ നിയമിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം മന്ത്രിമാർ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി. എട്ട് സർവകലാശാലകളിൽ വി.സി നിയമനത്തിനായി താൻ നിയോഗിച്ച സെർച്ച് കമ്മിറ്റിയുടെ കാര്യത്തിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാർ വാങ്ങിയ സ്റ്റേ നിലനിൽക്കുകയാണെന്നും, അത് നീക്കിയാൽ നിയമനവുമായി മുന്നോട്ട് പോകാമെന്നും ഗവർണർ മറുപടി നൽകി.

ഇതിനിടെ, സാങ്കേതിക സർവകലാശാലയിൽ താത്കാലിക വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയായ ഗോപിന് രജിസ്ട്രാറുടെ അധിക ചുമതല നൽകി. വി.സി ഡോ. കെ. ശിവപ്രസാദാണ് പ്രത്യേക അധികാരം ഉപയോഗിച്ച് ഈ നിയമനം നടത്തിയത്. നിലവിൽ ജോയിന്റ് രജിസ്ട്രാർ പദവിയിലുള്ള ഗോപിനാണ് ചുമതല ലഭിച്ചത്. സിൻഡിക്കേറ്റും വി.സി-യും തമ്മിലുള്ള തർക്കം കാരണം മൂന്നു മാസമായി രജിസ്ട്രാറില്ലായിരുന്നു. ഫെബ്രുവരിയിൽ രജിസ്ട്രാർ മാറിയശേഷം ബിന്ദുകുമാരിക്കായിരുന്നു ചുമതല. ഇവർ മേയിൽ വിരമിച്ചശേഷം മറ്റാർക്കും ചുമതല നൽകിയിരുന്നില്ല. രജിസ്ട്രാർ അവധിയിലോ ദീർഘകാലത്തേക്ക് ഇല്ലാതിരിക്കുകയോ ചെയ്താൽ, ആറു മാസത്തിൽ താഴെയുള്ള കാലയളവിലേക്ക് ജോയിന്റ് രജിസ്ട്രാർക്ക് ചുമതല നൽകാൻ ചട്ടമുണ്ട്.

Governor says interim VC appointment will not be reviewed; chances of consensus fading

Share Email
Top