ഗൾഫ് സംഘർഷഭീഷണി: യു.എസ്. വിമാനവാഹിനി ‘നിമിറ്റ്സ്’ ബഹ്റൈനിലെത്തി

ഗൾഫ് സംഘർഷഭീഷണി: യു.എസ്. വിമാനവാഹിനി ‘നിമിറ്റ്സ്’ ബഹ്റൈനിലെത്തി

ഗൾഫ് മേഖലയിലെ വർദ്ധിക്കുന്ന സംഘർഷസാധ്യതയെ തുടർന്ന് സുരക്ഷ ശക്തമാക്കാൻ യു.എസ്. ഒരുങ്ങി. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിൽ ഒന്നായ യു.എസ്.എസ്. നിമിറ്റ്സ് ബഹ്റൈനിലെത്തി.

ഇസ്രായേൽ–ഇറാൻ സംഘർഷാവസ്ഥയും യെമനിലെ ഹൂത്തി വിമതർക്കെതിരായ സമ്മർദ്ദവും മുന്നിൽ കണ്ടാണ് ആണവോർജത്തിൽ പ്രവർത്തിക്കുന്ന ഈ വിമാനവാഹിനിയെ വിന്യസിച്ചത്. ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് എത്തിയ നിമിറ്റ്സിൽ 5,000-ത്തിലധികം നാവികരും F-18 സൂപ്പർ ഹോർണറ്റ് ജെറ്റുകളും അറ്റാക്ക് ഹെലികോപ്റ്ററുകളും ഉൾപ്പെടുന്നു.

നിമിറ്റ്സ്, വടക്കുകിഴക്കൻ ആഫ്രിക്ക മുതൽ മിഡിൽ ഈസ്റ്റ് വഴിയും തെക്കൻ ഏഷ്യവരെയും ഉൾക്കൊള്ളുന്ന യു.എസ്. സെൻട്രൽ കമാൻഡ് പരിധിയിൽ പ്രവർത്തിക്കുന്ന കരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമാണ്. കഴിഞ്ഞ മാസം, കാൾ വിൻസൺ വിമാനവാഹിനിക്കപ്പലിന് പകരം മിഡിൽ ഈസ്റ്റിലേക്ക് മാറ്റിയതാണ്.

റിയർ അഡ്മിറൽ ഫ്രെഡറിക് ഗോൾഡ്‌ഹാമർ ബഹ്‌റൈനുമായുള്ള തന്ത്രപരമായ പങ്കാളിത്തവും മേഖലയിൽ സമാധാനം ഉറപ്പാക്കാൻ പ്രതിരോധ ശക്തി വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.

1975ൽ സേവനമാരംഭിച്ച നിമിറ്റ്സിന്റെ സേവനകാലാവധി 2026-ൽ അവസാനിക്കും. 51 വർഷത്തെ സേവനത്തിനൊടുവിൽ കപ്പലിനെ വിരമിപ്പിക്കുന്ന നടപടികൾ അടുത്ത വർഷം ആരംഭിക്കുമെന്ന് യു.എസ്. നാവികസേന അറിയിച്ചു.

2020-ന് ശേഷം ആദ്യമായാണ് ഒരു യു.എസ്. വിമാനവാഹിനി ബഹ്‌റൈനിലെത്തുന്നത്. യു.എസ്. അഞ്ചാം കപ്പൽപടയുടെ ആസ്ഥാനം ബഹ്‌റൈനിലാണ്. അറബിക്കടൽ, ഒമാൻ ഉൾക്കടൽ, ചെങ്കടൽ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന 2.5 ദശലക്ഷം ചതുരശ്ര മൈൽ വിസ്തൃതിയുള്ള കടൽപ്രദേശമാണ് അഞ്ചാം കപ്പൽപടയുടെ പ്രവർത്തന പരിധി.

Gulf Conflict Threat: U.S. Aircraft Carrier ‘Nimitz’ Arrives in Bahrain

Share Email
More Articles
Top