ഗാസയിൽ വീണ്ടും സമാധാനം പുലരുമെന്ന ആശ്വാസ വാർത്ത. 60 ദിവസത്തെ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അൽ ജസീറയും ബിബിസിയുമടക്കമുള്ള അന്താരാഷ്ട്രാ മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖത്തർ, ഈജിപ്ത്, യുഎസ് എന്നിവരുടെ മധ്യസ്ഥ ശ്രമങ്ങൾ ഫലം കണ്ടതോടെയാണ് ധാരണയുണ്ടായത്. ഹമാസിന്റെ തടവിലുള്ള ബന്ദികളെ 2 ഘട്ടമായി മോചിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ മുതൽ ഗാസയിൽ തുടരുന്ന സംഘർഷങ്ങൾക്ക് താൽക്കാലിക പരിഹാരമായാണ് ഈ വെടിനിർത്തൽ. എന്നാൽ, ഇസ്രയേൽ ഇതുവരെ ഈ കരാറിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വെടിനിർത്തൽ കരാർ ഗാസയിലെ സംഘർഷത്തിന് താൽക്കാലിക വിരാമമിടുമ്പോൾ, ഇസ്രയേലിന്റെ ഗാസ പിടിച്ചടക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഹമാസിന്റെ ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്. ബന്ദികളെ മോചിപ്പിക്കുന്നതിനൊപ്പം, സ്ഥിരമായ വെടിനിർത്തലിനെക്കുറിച്ചും ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റത്തെക്കുറിച്ചും ചർച്ചകൾ നടക്കുമെന്നാണ് സൂചന. ഏറെക്കാലത്തിന് ശേഷം ഗാസയിൽ സമാധാനത്തിന്റെ സാധ്യത തെളിയുന്ന ഈ കരാർ, പ്രദേശത്തെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണ്.