വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓഫീസ് കൊച്ചിയിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓഫീസ് കൊച്ചിയിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു

കൊച്ചി: വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ ഓഫീസ് കൊച്ചിയിൽ ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം അംഗങ്ങൾ പങ്കെടുത്തു.

ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യു, ട്രഷറർ സണ്ണി വെളിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡൻ്റുമാരായ തങ്കം അരവിന്ദ്, തങ്കമണി ദിവാകരൻ, വുമൺസ് ഫോറം പ്രസിഡൻ്റ് ഷീല റെജി, ഗ്ലോബൽ ഗുഡ് വിൽ അംബാസഡർമാരായ ജോസ് കൊലത്ത്, അലക്സ് വിളനിലം, ഇന്ത്യ റീജ്യൺ പ്രസിഡൻ്റ് പത്മകുമാർ നായർ, സുജിത്ത് ശ്രീനിവാസൻ, യൂത്ത് ഫോറം പ്രസിഡൻ്റ് രേഷ്മ റെജി, വുമൺസ് ഫോറം ചെയർ സലീന മോഹൻ എന്നിവർ പങ്കെടുത്തു.

ബാങ്കോക്കിൽ നടന്ന ഗ്ലോബൽ കൺവെൻഷൻ്റെ വിജയത്തിനായി പ്രവർത്തിച്ച സംഘാടക സമിതിയെ ചടങ്ങിൽ അഭിനന്ദിച്ചു. ഡോ. ബാബു സ്റ്റീഫൻ പ്രസിഡൻ്റായും തോമസ് മൊട്ടക്കൽ ചെയർമാനായും ചുമതലയേറ്റ പുതിയ കമ്മിറ്റി ഒരാഴ്ചയ്ക്കുള്ളിൽ അധികാരമേൽക്കും. കേരളത്തിൽ ആദ്യമായി ഡബ്ല്യു.എം.സി. ഓഫീസ് സ്ഥാപിക്കാനായത് ചരിത്രപരമായ നേട്ടമാണെന്ന് ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ജെയിംസ് കൂടൽ പറഞ്ഞു. ഈ ഓഫീസ് സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു

കൺവെൻഷനുശേഷം പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷാജി മാത്യു, സുരേന്ദ്രൻ കണ്ണാട്ട് എന്നിവർ നേപ്പാളിൽ സന്ദർശനം നടത്തി. എംബസി ഉദ്യോഗസ്ഥർ, പ്രമുഖ മലയാളികൾ, വ്യവസായ വകുപ്പ് മന്ത്രി എന്നിവരുമായി ഇവർ കൂടിക്കാഴ്ച നടത്തി. നേപ്പാളിൽ ഒരു പുതിയ പ്രൊവിൻസ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും, അവിടുത്തെ മലയാളികളുടെ പ്രശ്നങ്ങളും നിക്ഷേപ സാധ്യതകളും ചർച്ച ചെയ്തതായും ഭാരവാഹികൾ അറിയിച്ചു. നേപ്പാൾ സർക്കാർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും ഡബ്ല്യു.എം.സി.യുടെ പ്രൊവിൻസുകൾ സ്ഥാപിക്കാൻ ശ്രമങ്ങൾ ശക്തമാക്കാൻ തീരുമാനമായി.

ഗ്ലോബൽ സെൻ്റർ, സ്കോളർഷിപ്പ് പദ്ധതി

കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഭൂമി വാങ്ങി ഒരു ഗ്ലോബൽ സെൻ്റർ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികളും ആരംഭിച്ചു.

വിദേശത്ത് നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയും പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് ഒരു ലക്ഷം രൂപ വീതം നൽകും. ഇതിനായി ഒരു സെലക്ഷൻ കമ്മിറ്റിയെ രൂപീകരിക്കും. ആറു മാസത്തിനുള്ളിൽ തുക വിതരണം ചെയ്യാനാണ് ലക്ഷ്യം.

അടുത്ത ദ്വൈവാർഷിക കൺവെൻഷൻ അമേരിക്കയിൽ വിപുലമായി നടത്താനും, സംഘടനയുടെ പ്രതിച്ഛായ ലോകവ്യാപകമായി ഉയർത്താനും ലക്ഷ്യമിടുന്നതായി ഭാരവാഹികൾ പറഞ്ഞു. മലയാളിയെയും മലയാള ഭാഷയെയും ഉയർത്തിപ്പിടിക്കുന്നതിനായി അടുത്ത രണ്ടു വർഷം കൂടുതൽ സജീവമായി പ്രവർത്തിക്കുമെന്നും സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

Hibi Eden MP inaugurated the World Malayali Council Global Office in Kochi

Share Email
Top