കൊച്ചി : ബലാത്സംഗ കേസിൽ റാപ്പര്‍ വേടൻ (ഹിരൺദാസ് മുരളി) നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി.
അഞ്ച് തവണ തന്നെ പീഡിപ്പിച്ചുവെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ചാണ് ലഹരി മരുന്ന് ഉപയോഗിച്ച ശേഷം തന്നെ പീഡിപ്പിച്ചതെന്നുമാണ് പരാതിക്കാരിയായ യുവതിയുടെ മൊഴി. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതി മൊഴിയിൽ പരാമർശിച്ചിരുന്നു.
2021 ആഗസ്റ്റ് മുതൽ മാർച്ച് 2023 വരെയാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. തൃക്കാക്കര പൊലീസാണ് വേടനെതിരായ കേസ് രജിസ്റ്റർ ചെയ്തത്. ഫാൻ എന്ന നിലയിലാണ് റാപ്പർ വേടനുമായി അടുത്തതെന്നും പിന്നീട് പ്രണയത്തിലാകുകയായിരുന്നുവെന്നും വിവാഹവാഗ്ധാനം നടത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
ബന്ധത്തിന്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു, പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടന്റെ അഭിഭാഷകൻ കോടതയിൽ വാദിച്ചു. അതുകൊണ്ടു തന്നെ അവര്‍ക്കിടയില്‍ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാകുമോ എന്നായിരുന്നു പ്രതിഭാഗത്തിൻ്റെ ചോദ്യം. വിഷാദത്തിലായതിനാലാണ് പരാതി നൽകാൻ വൈകിയത് എന്നായിരുന്നു വേടൻ്റെ വാദങ്ങളോടുള്ള അതിജീവിതയുടെ മറുപടി.