അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഗോൾഫ് ക്ലബ്ബിൽ നടക്കാനിരുന്ന വ്യവസായ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരുമായ ഇന്ത്യക്കാരെയും അമേരിക്കക്കാരെയും പങ്കെടുപ്പിച്ചുള്ള ഗോൾഫ് ടൂർണമെന്റ് മാറ്റിവെച്ചതായി റിപ്പോർട്ട്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് നീക്കം. ഓഗസ്റ്റ് 21-ന് ന്യൂജേഴ്‌സിയിലെ ബെഡ്മിൻസ്റ്ററിൽ വെച്ച് നടക്കാനിരുന്ന പരിപാടി, ഇന്ത്യൻ അമേരിക്കൻ വ്യവസായ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെ ഒരുമിപ്പിക്കാനുള്ള വേദിയായിരുന്നു. ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഇരു രാജ്യങ്ങൾക്കുമിടയിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഈ പരിപാടി ഒരു സഹായമാകുമെന്ന് വിലയിരുത്തിയിരുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് നീക്കം. ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (USISPF) ആണ് പരിപാടിയുടെ സംഘാടകർ.
അഡോബിൻ്റെ ശാന്തനു നാരായൺ, ഫെഡ്എക്‌സിൻ്റെ രാജ് സുബ്രഹ്മണ്യം, ഐബിഎമ്മിൻ്റെ അരവിന്ദ് കൃഷ്ണ തുടങ്ങിയ പ്രമുഖ ഇന്ത്യൻ അമേരിക്കൻ സി.ഇ.ഒമാരും, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ടൂർണമെൻ്റിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്രസിഡന്റ് ട്രംപ് നേരിട്ട് പരിപാടിയിൽ പങ്കെടുത്തേക്കുമെന്നും സൂചനകൾ ഉണ്ടായിരുന്നു.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതും, വ്യാപാര കരാർ നിലച്ചതും, കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണ വാങ്ങുന്നതിലെ അമേരിക്കയുടെ അതൃപ്തിയുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾക്ക് കാരണമായി. ഒരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷലാ. യത്തോടെ ആണ് ടൂർണമെൻറ് നിർത്തിവെക്കാനുള്ള നീക്കം.
ഇന്ത്യയുടെ കാർഷിക, ക്ഷീരമേഖലകളിലേക്കുള്ള പ്രവേശനം അമേരിക്ക ആവശ്യപ്പെട്ടിരുന്നെങ്കിലും, ഇന്ത്യ ഇതിന് വഴങ്ങിയിട്ടില്ല. വാഷിംഗ്ടണിൻ്റെ ആവശ്യങ്ങൾക്ക് വഴങ്ങില്ലെന്നും പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യൻ സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.