മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ഓണാഘോഷം ഓഗസ്റ്റ് 30ന്

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ഓണാഘോഷം ഓഗസ്റ്റ് 30ന്

സുജിത് ചാക്കോ

ഹൂസ്റ്റൺ : ഓണത്തിമിർപ്പിനായി ഹൂസ്റ്റൺ ഇനി മൂന്നു ദിനം മാത്രം. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 30-ന് രാവിലെ 10 മണിക്ക് സ്റ്റാഫോർഡിലെ സെന്റ് ജോസഫ് ഹാളിൽ അരങ്ങേറും. പൂക്കളവും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കാൻ ഹൂസ്റ്റണിലെ മലയാളി സമൂഹം ഒരുങ്ങിക്കഴിഞ്ഞു.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികളിൽ 200-ൽ അധികം കലാകാരന്മാരും കലാകാരികളും അണിനിരക്കും. 10.30-ന് നടക്കുന്ന വർണാഭമായ ഘോഷയാത്രയിൽ തനത് കലാരൂപങ്ങളും താലപ്പൊലിയും ചെണ്ടമേളവും മാവേലി മന്നനെ ആനയിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഹൂസ്റ്റണിലെ കോൺസുൽ ജനറൽ ഓഫ് ഇന്ത്യ, ഡി.സി. മഞ്ചുനാഥ് മുഖ്യാതിഥിയായിരിക്കും. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജുമാരായ കെ.പി. ജോർജ്, ജൂലി മാത്യു, സുരേന്ദ്രൻ പട്ടേൽ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഷുഗർലാൻഡ് സിറ്റി മേയർ കാരൾ കെ. മാക്കഡ്ചൂൺ, ഐ.സി.സി.എച്ച്. പ്രസിഡന്റ് ഫാ. ഐസക് ബി. പ്രകാശ് , ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുക്കും.

പൊതുസമ്മേളനത്തിനുശേഷം തിരുവാതിര, നാടോടിനൃത്തം, ഒപ്പന, മാർഗംകളി, കഥകളി തുടങ്ങി കേരളത്തിന്റെ തനത് കലാരൂപങ്ങളും വിവിധ ഗ്രൂപ്പുകളുടെ നൃത്ത-നൃത്യങ്ങളും നാടകങ്ങളും ഗാനങ്ങളും ഉൾപ്പെടുത്തി നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന ദൃശ്യവിരുന്ന് അരങ്ങേറും. ഹൂസ്റ്റണിലെ കലാപ്രതിഭകളാണ് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നത്. പ്രോഗ്രാം കോർഡിനേറ്റർ രേഷ്മ വിനോദ് ഈ വിവരങ്ങൾ അറിയിച്ചു.

ആഘോഷത്തോടനുബന്ധിച്ച് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. പരിപ്പും പപ്പടവും പായസവും ഉൾപ്പെടെയുള്ള വിഭവങ്ങൾ സദ്യയെ സമ്പന്നമാക്കും. പരിപാടികൾക്കിടയിൽ നടക്കുന്ന നറുക്കെടുപ്പുകളിൽ വിജയികളാകുന്നവർക്ക് ജോയ് ആലുക്കാസ് നൽകുന്ന 500 ഡോളർ വീതമുള്ള സ്വർണ്ണ, ഡയമണ്ട് ഗിഫ്റ്റ് വൗച്ചറുകളും സാരികളും സമ്മാനമായി ലഭിക്കും.

മാഗിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് വെച്ച് നൽകുന്നുണ്ട്. ഏഴര ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന വീടിന്റെ അടിസ്ഥാന ജോലികൾ പൂർത്തിയായി. ഡിസംബറോടെ നിർമ്മാണം പൂർത്തിയാകുമെന്ന് സംഘാടകർ അറിയിച്ചു.

ഓഗസ്റ്റ് 30-ന് നടക്കുന്ന ഈ ഓണാഘോഷത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Houston awaits Onam festivities, only three days left; MAGH is preparing colorful events

Share Email
Top