ജീമോൻ റാന്നി
ഹൂസ്റ്റൺ: അമേരിക്കയിലെ മലയാളി സമൂഹത്തിന് അത്ര പരിചിതമല്ലാത്ത പിക്കിൾബോൾ ഗെയിം ഹൂസ്റ്റണിൽ ആവേശമുണർത്തുന്നു. ബാഡ്മിന്റന്റെയും ടെന്നിസിന്‍റെയും സവിശേഷതകൾ സമന്വയിപ്പിച്ച് കളിക്കുന്ന ഈ കളിയിലെ പ്രഥമ ടൂർണമെന്റിൽ 25 ടീമുകളാണ് മാറ്റുരച്ചത്.

ഹൂസ്റ്റണിലെ എക്യുമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) ഓഗസ്റ്റ് 16, 17 തീയതികളിൽ ട്രിനിറ്റി സെന്ററിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ, ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാർ ചർച്ച്, സെന്റ് ജെയിംസ് ക്നാനായ ചർച്ച്, സെന്റ് തോമസ് സി.എസ്.ഐ. ചർച്ച് എന്നീ ടീമുകൾ വിജയികളായി എവർ റോളിങ്ങ് ട്രോഫികൾ സ്വന്തമാക്കി.

ICECH പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിച്ചു. ട്രിനിറ്റി മാർത്തോമാ ഇടവക വികാരി റവ. ജിജു എം. ജേക്കബ് പ്രാരംഭ പ്രാർത്ഥന നടത്തി.

വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ, ഓപ്പൺ പുരുഷ വിഭാഗം ഫൈനലിൽ ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാർ ചർച്ച് 11-6, 11-6 എന്ന സ്കോറിന് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ചിനെ പരാജയപ്പെടുത്തി. ഓപ്പൺ വനിതാ വിഭാഗത്തിൽ സെന്റ് ജെയിംസ് ക്നാനായ ചർച്ച് 11-8, 7-11, 11-8 എന്ന പോയിന്റുകൾക്ക് ട്രിനിറ്റി മാർത്തോമാ ചർച്ചിനെ കീഴടക്കി. സീനിയർ വിഭാഗത്തിൽ സെന്റ് തോമസ് സി.എസ്.ഐ. ചർച്ച് 11-8, 11-9 എന്ന പോയിന്റുകൾക്ക് ട്രിനിറ്റി മാർത്തോമാ ചർച്ചിനെ പരാജയപ്പെടുത്തി.

സമ്മാനദാന ചടങ്ങിൽ സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു മുഖ്യാതിഥിയായിരുന്നു. മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടു, ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ എന്നിവരും പങ്കെടുത്തു.
വ്യക്തിഗത പ്രകടനത്തിനുള്ള പുരസ്കാരങ്ങൾ നേടിയവർ:
- വനിതാ MVP: മെറിൽ സക്കറിയ (സെന്റ് ജെയിംസ് ക്നാനായ)
- മെൻസ് ഓപ്പൺ MVP: ലാൻസ് പ്രിൻസ് (സെന്റ് ജോസഫ് സിറോ മലബാർ)
- സീനിയേഴ്സ് (55 വയസ്സിനു മുകളിൽ): സുനിൽ പുളിമൂട്ടിൽ (സെന്റ് തോമസ് സി.എസ്.ഐ.)
- മോസ്റ്റ് സീനിയർ പ്ലെയർ: എം.സി. ചാക്കോ (ട്രിനിറ്റി മാർത്തോമാ)
- വനിതാ റൈസിംഗ് സ്റ്റാർ: ഡിയ ജോർജ് (ട്രിനിറ്റി മാർത്തോമാ)
- മെൻസ് റൈസിംഗ് സ്റ്റാർ: അനിത് ഫിലിപ്പ് (ട്രിനിറ്റി മാർത്തോമാ)

വിജയികൾക്ക് ഫാൻസിമോൾ പള്ളാത്തുമഠം, മണ്ണിൽ ഉമ്മൻ ജോർജ് മെമ്മോറിയൽ, അപ്ന ബസാർ, ICECH എന്നിവർ സ്പോൺസർ ചെയ്ത ട്രോഫികൾ വിതരണം ചെയ്തു. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയ റെജി കോട്ടയം, അനിത് ഫിലിപ്പ് എന്നിവർക്ക് പ്രത്യേക മെമന്റോകൾ നൽകി ആദരിച്ചു.

ICECH വൈസ് പ്രസിഡന്റ് റവ. ഫാ. രാജേഷ് കെ. ജോൺ, സെക്രട്ടറി ഷാജൻ ജോർജ്, സ്പോർട്സ് കൺവീനർ റവ. ജീവൻ ജോൺ, സ്പോർട്സ് കോ-ഓർഡിനേറ്റർ റെജി കോട്ടയം, ട്രഷറർ രാജൻ അങ്ങാടിയിൽ, പി.ആർ.ഒ. ജോൺസൺ ഉമ്മൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാൻസിമോൾ പള്ളാത്തുമഠം, നൈനാൻ വീട്ടീനാൽ, ബിജു ചാലക്കൽ, അനിത് ജോർജ് ഫിലിപ്പ്, ബാബു കലീന (ഫോട്ടോഗ്രാഫി) എന്നിവർ ടൂർണമെന്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഫാൻസിമോൾ പള്ളാത്തുമഠം നന്ദി അറിയിച്ചു.



Houston ICECH Pickleball Tournament: St. Joseph, St. James, and St. Thomas teams win titles