അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ ഭർത്താവ് സതീഷിന് ഇടക്കാല മുൻ‌കൂർ ജാമ്യം, വിട്ടയക്കും

അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ ഭർത്താവ് സതീഷിന് ഇടക്കാല മുൻ‌കൂർ ജാമ്യം, വിട്ടയക്കും

തിരുവനന്തപുരം: ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഭർത്താവ് സതീഷിന് ഇടക്കാല മുൻ‌കൂർ ജാമ്യം. വിദേശത്ത് നിന്നും തിരികെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോളാണ് സതീഷ് പിടിയിലായത്. കൊല്ലം സെഷൻസ് കോടതിയാണ് സതീഷിന് ഇടക്കാല മുൻ‌കൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഉത്തരവിന്‍റെ പകർപ്പ് അഭിഭാഷകർ പുറത്തുവിട്ടു. രണ്ട് ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുകയും സതീഷിന്റെ പീഡനമാണ് മരണത്തിന് കാരണമായതെന്ന് പരാതി നൽകുകയും ചെയ്തതോടെയാണ് സതീഷ് പിടിയിലായത്. ഷാർജയിലെ ഫോറൻസിക് റിപ്പോർട്ട് പ്രകാരം അതുല്യയുടെ മരണം തൂങ്ങിമരണമാണെന്ന് പറയുന്നു. എന്നാൽ, ഭർത്താവ് സതീഷ് കൊലപ്പെടുത്തിയതാണെന്നാണ് അതുല്യയുടെ കുടുംബത്തിന്‍റെ ആരോപണം. അതുല്യയെ സതീഷ് നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിലും പീഡനമുണ്ടായിരുന്നതായി കുടുംബം പറയുന്നു. ഈ പീഡനങ്ങളുടെ തെളിവായി അതുല്യയുടെ ശബ്ദസന്ദേശങ്ങളും, ശരീരത്തിലെ മർദനമേറ്റ പാടുകൾ കാണിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

അതുല്യയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ചവറ തെക്കുംഭാഗം പൊലീസാണ് സതീഷിനെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. കോടതി ജാമ്യം അനുവദിച്ചതോടെ സതീഷിനെ പൊലീസ് വിട്ടയക്കും. കേസുമായി ബന്ധപ്പെട്ട നടപടികൾ തുടരുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Share Email
LATEST
Top