ഹൈഡ്രജൻ ട്രെയിൻ: ഇന്ത്യയുടെ പുതിയ ചുവടുവെപ്പ് ; പുറന്തള്ളുക വെള്ളം മാത്രം

ഹൈഡ്രജൻ ട്രെയിൻ: ഇന്ത്യയുടെ പുതിയ ചുവടുവെപ്പ് ; പുറന്തള്ളുക വെള്ളം മാത്രം

ഡൽഹി: ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിൽ. പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച ട്രെയിൻ നോർത്തേൺ റെയിൽവേയ്ക്ക് കൈമാറി. ഹരിയാനയിലെ സോനിപത് – ജിന്ദ് പാതയിൽ സെപ്റ്റംബറിൽ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോകത്ത് നാല് രാജ്യങ്ങൾക്ക് മാത്രമുള്ള ഹൈഡ്രജൻ ട്രെയിൻ എത്തുന്നതോടെ ഇന്ത്യൻ റെയിൽവേ മറ്റൊരു ചരിത്രം കുറിക്കുകയാണ്.

പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് പുതിയ മാനം നൽകുന്നതാണ് ഈ ട്രെയിൻ. പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയ ഈ പദ്ധതിക്ക് 118 കോടി രൂപയാണ് ചെലവായത്. രാജ്യത്തെ മറ്റ് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായ പ്രവർത്തനരീതിയാണ് ഇതിനുള്ളത്.

പ്രധാന സവിശേഷതകൾ

  • ഹൈഡ്രജൻ ഇന്ധനം: ട്രെയിനിൽ സംഭരിക്കുന്ന ഹൈഡ്രജൻ അന്തരീക്ഷ വായുവിലെ ഓക്സിജനുമായി ഫ്യൂവൽ സെൽ ഉപയോഗിച്ച് സംയോജിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ചാണ് എൻജിൻ പ്രവർത്തിപ്പിക്കുന്നത്. അധികമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ലിഥിയം ബാറ്ററിയിൽ ശേഖരിക്കും.
  • കരുത്തും ശേഷിയും: ലോകത്തിലെ ഏറ്റവും കരുത്തുറ്റതും വലുതുമായ ഹൈഡ്രജൻ ട്രെയിനാണിത്. 1200 എച്ച്.പി. കരുത്തുള്ള എൻജിനാണ് ഇതിനുള്ളത്. 2,600 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള എട്ട് കോച്ചുകളാണ് ട്രെയിനിനുള്ളത്. മറ്റ് രാജ്യങ്ങളിലെ ട്രെയിനുകൾക്ക് 500-600 എച്ച്.പി. വരെയാണ് സാധാരണയായി ഉണ്ടാവാറ്.
  • യാത്രാ വേഗത: മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ഇതിന് കഴിയും.
  • പരിസ്ഥിതി സൗഹൃദം: ഹൈഡ്രജൻ ട്രെയിൻ അന്തരീക്ഷത്തിലേക്ക് വെള്ളം മാത്രമാണ് പുറന്തള്ളുന്നത്. അതിനാൽ പരിസ്ഥിതിക്ക് യാതൊരു ദോഷവുമില്ല.
  • സുരക്ഷാ സംവിധാനങ്ങൾ: പ്രഷർ റിലീഫ് വാൽവുകൾ, ഹൈഡ്രജൻ ചോർച്ച കണ്ടെത്താനുള്ള സെൻസറുകൾ, തീപിടിത്തം, താപനില എന്നിവ അറിയാനുള്ള സംവിധാനങ്ങൾ എന്നിവ ട്രെയിനിലുണ്ട്. ഇന്ധനം ചോർന്നാൽ അപകടം ഒഴിവാക്കാൻ വെന്റിലേഷൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
  • സാമ്പത്തിക നേട്ടങ്ങൾ: ഡീസൽ ട്രെയിനുകളെ അപേക്ഷിച്ച് ഇതിന് നിർമ്മാണ ചിലവ് കൂടുതലാണെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇന്ധന, അറ്റകുറ്റപ്പണി ചിലവുകൾ കുറയ്ക്കാൻ സാധിക്കും. ഇറക്കുമതി ചെയ്യുന്ന ഡീസലിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.

‘ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്’ പദ്ധതി

‘ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്’ പദ്ധതിയുടെ ഭാഗമായാണ് ഈ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഈ പദ്ധതി പ്രകാരം 35 ഹൈഡ്രജൻ ട്രെയിനുകൾ പൈതൃക റൂട്ടുകളിലും മലയോര പാതകളിലും ഓടിക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. ഈ ട്രെയിനിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചത് ആർ.ഡി.എസ്.ഒ ലക്നൗ ആണ്.

Hydrogen train: India’s new step; emits only water

Share Email
LATEST
More Articles
Top