ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ കെസി വീരേന്ദ്രയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. അഴിമതി നിരോധന നിയമപ്രകാരം സിക്കിമില്‍ വെച്ചാണ് അറസ്റ്റ്.വീരേന്ദ്രയെ സിക്കിം കോടതിയിൽ ഹാജരാക്കി. ബെംഗളൂരുവിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 12 കോടി രൂപയുടെ അനധികൃത സ്വത്തും, ഒരു കോടിയുടെ വിദേശ കറൻസിയും, ആറ് കിലോ സ്വർണവും, 10 കിലോ വെള്ളിയും പിടിച്ചെടുത്തു. വീരേന്ദ്രയുടെ 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും ഇഡി മരവിപ്പിച്ചിട്ടുണ്ട്. കൂടാതെ, നിരവധി ഓൺലൈൻ ചൂതാട്ട ആപ്പുകൾ ഇദ്ദേഹം നടത്തിയിരുന്നതായും ഇഡി കണ്ടെത്തി. സിക്കിമിൽ ഓൺലൈൻ ചൂതാട്ട കേന്ദ്രം തുടങ്ങാൻ എത്തിയപ്പോഴാണ് വീരേന്ദ്ര അറസ്റ്റിലായത്.
എംഎൽഎയുടെ 30-ഓളം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്. റെയ്ഡിൽ വിദേശ കറൻസി ഉൾപ്പെടെ, ഏകദേശം 12 കോടി രൂപയുടെ പണവും ആറ് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 10 കിലോ വെള്ളിയും പിടിച്ചെടുത്തു. കൂടാതെ, 17 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും സ്വത്ത് രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. റിപ്പോർട്ടനുസരിച്ച്, ഇദ്ദേഹം നിരവധി ഓൺലൈൻ വാതുവെപ്പ് സൈറ്റുകൾ നടത്തിയിരുന്നതായും പണത്തിന്റെ സങ്കീർണ്ണമായ ഇടപാടുകൾ നടത്തിയതായും കണ്ടെത്തി. ഇദ്ദേഹത്തിന്റെ സഹോദരൻ കെ.സി. തിപ്പസ്വാമി ദുബായിൽ കോൾ സെന്ററുകളും ഗെയിമിങ് ബിസിനസ്സുകളും നടത്തിയിരുന്നതായും ആരോപണമുണ്ട്. ഈ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഗോവയിലെ അഞ്ച് കാസിനോകളിലും ഇഡി പരിശോധന നടത്തിയിരുന്നു.