ന്യൂഡൽഹി: യുദ്ധം തകർത്ത യുക്രെയ്‌ന് ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ ഡീസൽ വിതരണം ചെയ്തത് ഇന്ത്യ. മൊത്തം ഡീസൽ ഇറക്കുമതിയുടെ 15.5 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. കീവ് ആസ്ഥാനമായുള്ള ഓയിൽ മാർക്കറ്റ് അനലിറ്റിക്‌സ് സ്ഥാപനമായ നാഫ്റ്റോറിനോക്കിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യ പ്രതിദിനം ശരാശരി 2,700 ടൺ ഡീസലാണ് യുക്രെയ്‌നിലേക്ക് കയറ്റുമതി ചെയ്തത്.
ജൂലൈയിൽ മാത്രം ഇന്ത്യ 83,000 ടൺ ഡീസൽ യുക്രെയ്‌ന് നൽകി. 2024 ജൂലൈയിൽ ഇന്ത്യയുടെ വിഹിതം കേവലം 1.9 ശതമാനം മാത്രമായിരുന്നിടത്തു നിന്നാണ് ഈ കുതിച്ചുചാട്ടം. 2025 ഏപ്രിലിൽ യുക്രെയ്‌ന്റെ ഡീസൽ ഇറക്കുമതിയുടെ 15.9 ശതമാനം ഇന്ത്യ നൽകിയിരുന്നു.
റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്നതിനാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയിരുന്നു. റഷ്യയുമായുള്ള എണ്ണ ഇടപാട് യുക്രെയ്‌നെതിരായ യുദ്ധത്തിൽ റഷ്യക്ക് സാമ്പത്തിക സഹായമാകുന്നുവെന്ന് യു.എസ്. ആരോപിക്കുകയും ചെയ്തിരുന്നു. എന്നാൽ, റഷ്യൻ എണ്ണ ശുദ്ധീകരിക്കുന്ന അതേ ഇന്ത്യൻ റിഫൈനറികൾ തന്നെയാണ് ഇപ്പോൾ യുക്രെയ്‌ന്റെ യുദ്ധകാല സമ്പദ്‌വ്യവസ്ഥയെ നിലനിർത്താൻ ആവശ്യമായ ഇന്ധനം നൽകുന്നത്.
നാഫ്റ്റോറിനോക്കിന്റെ കണക്കനുസരിച്ച്, ഇന്ത്യയിൽ നിന്നുള്ള ഡീസൽ പല മാർഗങ്ങളിലൂടെയാണ് യുക്രെയ്‌നിൽ എത്തുന്നത്. ഇതിൽ വലിയൊരു ഭാഗം റൊമാനിയ വഴിയാണ് അയക്കുന്നത്. ഇത് ഡാന്യൂബ് നദിയിലെ തുറമുഖങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നു. മറ്റൊരു മാർഗം തുർക്കിയിലെ മർമറ എറെഗ്ലിസി ടെർമിനലാണ്. ഭാഗികമായ ഉപരോധങ്ങൾ നിലവിലുണ്ടെങ്കിലും തുർക്കി പെട്രോളിയം കമ്പനിയായ ഓപെറ്റ് പ്രവർത്തിപ്പിക്കുന്ന ഈ ടെർമിനൽ ഇപ്പോഴും സജീവമാണ്.
ഈ വർഷത്തെ ഏഴു മാസത്തെ കണക്കനുസരിച്ച് യുക്രെയ്‌ന്റെ ഡീസൽ ഇറക്കുമതിയുടെ 10.2 ശതമാനം ഇന്ത്യയാണ് നൽകിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.9 ശതമാനം മാത്രമായിരുന്നു. ഈ അഞ്ചിരട്ടി വർധന പല യൂറോപ്യൻ കയറ്റുമതിക്കാരെയും മറികടക്കാൻ ഇന്ത്യയെ സഹായിച്ചു. എങ്കിലും ഗ്രീസ്, തുർക്കി എന്നീ രാജ്യങ്ങളെക്കാൾ കുറഞ്ഞ അളവിലാണ് ഇന്ത്യയുടെ കയറ്റുമതി. എന്നിരുന്നാലും, ജൂലൈയിലെ കണക്കുകൾ പ്രകാരം ഇന്ത്യ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്താനിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. ഷാങ്ഹായ് ഉച്ചകോടിക്കായി ചൈനയിലേക്ക് പുറപ്പെടും മുൻപ് ശനിയാഴ്ചയാണ് മോദിയെ സെലെൻസ്‌കി വിളിച്ചത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും ചർച്ച നടത്തിയെന്നാണു വിവരം.
സെലെൻസ്‌കി വിളിച്ച വിവരം പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ‘ഇന്നത്തെ ഫോൺകോളിന് പ്രസിഡന്റ് സെലെൻസ്‌കിക്ക് നന്ദി. തുടരുന്ന യുദ്ധത്തെക്കുറിച്ചും അതിന്റെ മനുഷ്യത്വപരമായ വശങ്ങളെക്കുറിച്ചും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുമുള്ള ആശയങ്ങൾ പരസ്പരം സംസാരിച്ചു. ഈ രീതിയിലുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകും.’–മോദി കുറിച്ചു.
India actually helped Ukraine by buying Russian oil and providing diesel; Trump’s allegations are baseless