ടോക്കിയോ: ചാന്ദ്രയാന്‍-5 ദൗത്യത്തില്‍ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടോക്യോ സന്ദര്‍ശന വേളയിലാണ് സുപ്രധാന പ്രഖ്യാപനം. സാങ്കേതികവിദ്യയുടെ മേഖലയിലും ബഹിരാകാശ പര്യവേക്ഷണത്തിലും ഒന്നിച്ചുകൊണ്ട് പുരോഗതി കൈവരിക്കാനുള്ള ഇരുരാജ്യങ്ങളുടെയും സന്നദ്ധത അടയാളപ്പെടുത്തുന്നതാണ് ചാന്ദ്രയാന്‍-5 ലെ പങ്കാളിത്തം എന്ന് വിലയിരുത്തപ്പെടുന്നു. ചാന്ദ്രയാന്‍ പദ്ധതികളുടെ വിജയത്തിന് പിന്നാലെയുള്ള ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമാണ് ചാന്ദ്രയാന്‍-5.
ചന്ദ്രന്റെ ഉപരിതലത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള ശാസ്ത്രീയ ധാരണ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ദൗത്യം. അത്യാധുനിക സാങ്കേതികവിദ്യയും ഗവേഷണ വൈദഗ്ധ്യവും പ്രയോജനപ്പെടുത്താന്‍ ജപ്പാനുമായുള്ള പങ്കാളിത്തം പ്രയോജനപ്പെടും. ചാന്ദ്രയാന്‍-5 ദൗത്യത്തില്‍ ഇന്ത്യ നിര്‍മ്മിച്ച ലാന്‍ഡറും ജപ്പാന്‍ നിര്‍മ്മിച്ച റോവറും ആയിരിക്കും ഉണ്ടാകുക. ഇതുവരെ ചന്ദ്രോപരിതലത്തില്‍ വിന്യസിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ റോവര്‍ ഇതായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ജപ്പാനില്‍നിന്നാവും വിക്ഷേപണം.
ചന്ദ്രനില്‍ നിന്ന് പാറകളും മണ്ണും തിരികെ കൊണ്ടുവരാനായി ഇന്ത്യ വികസിപ്പിക്കുന്ന ചാന്ദ്രയാന്‍-4 ന് ശേഷമായിരിക്കും ഈ ദൗത്യം വിക്ഷേപിക്കുക.വിശാലമായ ഇന്തോ-ജാപ്പനീസ് സഖ്യത്തിന്റെ പ്രതീകം കൂടിയാണ് ഈ സംയുക്ത ദൗത്യം. ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ക്കും തന്ത്രപരമായ സഹകരണത്തിനുമുള്ള ഒരു മേഖലയെന്ന നിലയില്‍ ബഹിരാകാശ മേഖലയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യം ഇരു രാജ്യങ്ങളും തിരിച്ചറിയുന്നുണ്ട്.
2023-ല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പേടകം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയിരുന്നു. വിക്രം ലാന്‍ഡര്‍ പ്രഗ്യാന്‍ റോവറുമായി ശിവശക്തി പോയിന്റില്‍ ഇറങ്ങുകയും ഒരു ചാന്ദ്ര ദിനം, (14 ഭൗമ ദിനങ്ങള്‍) പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. പല സുപ്രധാന കണ്ടെത്തലുകളിലും ഈ പേടകം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഗഗന്‍യാന്‍ ദൗത്യം അടക്കമുള്ളവയ്ക്കാണ് ഇന്ത്യ തയ്യാറെടുപ്പ് നടത്തുന്നത്. സ്വന്തമായി ബഹിരാകാശ നിലയം നിര്‍മ്മിക്കാനുള്ള പദ്ധതിയും ഇന്ത്യയ്ക്കുണ്ട്. ഇതിന്റെ ആദ്യ ഘടകം 2028-ല്‍ വിക്ഷേപിക്കുമെന്നാണ് സൂചനകള്‍.
India and Japan to join hands on Chandrayaan-5 mission