റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവ ചുമത്താനുള്ള തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഇന്ത്യയ്ക്കു മേലുള്ള യു.എസ്. നികുതി 50% ആയി ഉയരും. അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.
അതേസമയം, ഈ നീക്കം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ശക്തമായ ആഭ്യന്തര വിപണി ആവശ്യകത ഈ പ്രതിസന്ധിയെ ഒരു പരിധിവരെ പ്രതിരോധിക്കുമെന്നാണ് അവർ അഭിപ്രായപ്പെടുന്നത്.
റഷ്യൻ ക്രൂഡോയിൽ വാങ്ങിയതിന്റെ പേരിൽ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഈ അധിക തീരുവ, യു.എസ്. സമയം ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വരും. ഇതോടെ, ബ്രസീലിനൊപ്പം ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും. സ്വിറ്റ്സർലൻഡ് (39%), കാനഡ (35%), ചൈന, ദക്ഷിണാഫ്രിക്ക (30%) എന്നിവയാണ് ഈ പട്ടികയിൽ പിന്നിലുള്ള മറ്റു രാജ്യങ്ങൾ.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ അധിക തീരുവ ഇന്ത്യയെ പ്രതികൂലമായി ബാധിക്കില്ല. തുണിത്തരങ്ങൾ, രത്‌നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ ചെറിയ ആഘാതമുണ്ടാവാൻ സാധ്യതയുണ്ടെങ്കിലും, മരുന്ന്, സ്മാർട്ട്ഫോൺ, സ്റ്റീൽ തുടങ്ങിയ മേഖലകളെ നിലവിലെ നികുതി ഇളവുകളും ശക്തമായ ആഭ്യന്തര ആവശ്യകതയും സംരക്ഷിക്കും. എസ് & പി ഗ്ലോബൽ റേറ്റിംഗ്‌സ് അനുസരിച്ച്, ഇന്ത്യയുടെ വലിയ ആഭ്യന്തര വിപണി താരിഫ് വർധനവിന്റെ സാമ്പത്തിക ആഘാതം ലഘൂകരിക്കും. എന്നാൽ, ഉൽപ്പാദന ഉപകരണങ്ങൾ, രാസവസ്തുക്കൾ, വാഹനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ കയറ്റുമതിക്ക് ഈ സാഹചര്യം വെല്ലുവിളിയായേക്കാം.
യു.എസ്., ഇന്ത്യയുടെ ഏറ്റവും വലിയ തുണിത്തര കയറ്റുമതി കേന്ദ്രമാണ്. ചൈനയ്ക്കും വിയറ്റ്നാമിനും ശേഷം യു.എസിലേക്ക് ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യവും ഇന്ത്യയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചൈനയുടെ വിപണി വിഹിതം കുറഞ്ഞത് ഇന്ത്യയ്ക്ക് വലിയ നേട്ടമായി. ഈ കാലയളവിൽ ഇന്ത്യയുടെ വിഹിതം 6% ൽ നിന്ന് 9% ആയി ഉയർന്നു, അതേസമയം ചൈനയുടെ വിഹിതം 38% ൽ നിന്ന് 25% ആയി കുറഞ്ഞു.
സാമ്പത്തിക സ്ഥാപനങ്ങൾ, ടെലികോം, വിമാന കമ്പനികൾ, ഹോട്ടലുകൾ, സിമന്റ്, ഉൽപ്പാദന മേഖല തുടങ്ങിയ ആഭ്യന്തര ഉപഭോഗം കൂടുതലുള്ള മേഖലകൾക്ക് ഈ താരിഫ് പ്രതിസന്ധിയെ മറികടക്കാൻ കഴിയും. ഫിച്ച് (Fitch) റിപ്പോർട്ടും ഈ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു. ഇന്ത്യയുടെ വലിയ ആഭ്യന്തര വിപണി ബാഹ്യ ആവശ്യകതയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനാൽ, യു.എസ്. താരിഫ് വർദ്ധനവിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.5% വളർച്ച കൈവരിക്കുമെന്നും ഫിച്ച് പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ ശക്തമായ നിലപാട്
രാജ്യത്തെ കർഷകരെയും ചെറുകിട സംരംഭകരെയും കന്നുകാലി വളർത്തുകാരെയും ദോഷകരമായി ബാധിക്കുന്ന ഒരു കരാറിനും വഴങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച അഹമ്മദാബാദിൽ വ്യക്തമാക്കിയിരുന്നു. ഈ ആഴ്ചകളിൽ മോദിയെ നാല് തവണയെങ്കിലും ഫോണിൽ വിളിക്കാൻ ട്രംപ് ശ്രമിച്ചെങ്കിലും, മോദി അദ്ദേഹവുമായി സംസാരിക്കാൻ വിസമ്മതിച്ചതായി ജർമ്മൻ പത്രമായ ഫ്രാങ്ക്ഫർട്ടർ അൽഗുമൈനെ റിപ്പോർട്ട് ചെയ്തു.
ജൂലൈ 31-ന് ട്രംപ്, “ഇന്ത്യ റഷ്യയുമായി എന്തുചെയ്യുന്നു എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു താൽപ്പര്യവുമില്ല. അവരുടെ ശോഷിച്ച സമ്പദ്‌വ്യവസ്ഥകളെ ഒരുമിച്ച് താഴേക്ക് വലിക്കട്ടെ” എന്ന് പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ ഓഗസ്റ്റ് 10-ന് മോദി പരോക്ഷമായി പ്രതികരിക്കുകയും, ഇന്ത്യ ലോകത്തിലെ ആദ്യത്തെ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ വിഷയത്തിൽ മോദിക്ക് അനിഷ്ടം തോന്നിയതിന്റെ സൂചനകളുണ്ടെന്ന് ഫ്രാങ്ക്ഫർട്ടർ അൽഗുമൈനെ നിരീക്ഷിക്കുന്നു.
യു.എസ്. വിപണിയെ ആശ്രയിക്കുന്ന രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുന്ന ട്രംപിന്റെ പതിവ് നയത്തെയാണ് മോദി ചെറുത്തതെന്ന് പത്രം വിലയിരുത്തുന്നു. ട്രംപിന്റെ ആദ്യകാല ഭരണത്തിൽ, ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങൾ അടിയറവ് വെക്കാതെ തന്നെ മോദി സഹകരണാത്മകമായ ബന്ധം നിലനിർത്തിയിരുന്നു. ട്രംപിന്റെ താൽപ്പര്യങ്ങൾക്കായി വഴങ്ങാൻ പലതവണ പ്രേരണ നൽകിയിരുന്നുവെങ്കിലും, മോദി വഴങ്ങിയില്ല എന്നത് ഈ സാഹചര്യത്തിലെ ഒരു പ്രധാന കാര്യമാണ്. മോദി യു.എസ്. പ്രസിഡന്റിനോട് സംസാരിക്കാൻ വിസമ്മതിച്ചത് അദ്ദേഹത്തിന്റെ ജാഗ്രതയെയും രോഷത്തെയും ഒരുപോലെ സൂചിപ്പിക്കുന്നു.
വിയറ്റ്നാമുമായുള്ള വ്യാപാര ചർച്ചകളിൽ, കരാർ ഒപ്പിടുന്നതിന് മുൻപ് തന്നെ കരാറിൽ എത്തിയെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതുപോലുള്ള തന്ത്രപരമായ കെണികളിൽ വീഴാതിരിക്കാനുള്ള കരുതൽ മോദി എടുക്കുന്നതായും ജർമ്മൻ പത്രം വിലയിരുത്തുന്നു. അമേരിക്കയുടെ തന്ത്രങ്ങൾ ഇന്ത്യയുടെ കാര്യത്തിൽ ഫലിക്കുന്നില്ലെന്നും, ചൈനയെ നിയന്ത്രിക്കാനുള്ള അമേരിക്കയുടെ ശ്രമത്തിലെ പ്രധാന പങ്കാളിയായ ഇന്തോ-പസഫിക് സഖ്യം തകരാൻ സാധ്യതയുണ്ടെന്നും എഫ്.എ.സെഡ്. റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ-പാക് സംഘർഷത്തിൽ താൻ ഇടപെട്ടാണ് വെടിനിർത്തൽ നടപ്പാക്കിയതെന്ന ട്രംപിന്റെ അവകാശവാദവും, പാക്കിസ്ഥാനിലെ എണ്ണ ശേഖരം വികസിപ്പിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും ഇന്ത്യയെ പ്രകോപിപ്പിച്ചു. പാക് സൈനിക മേധാവി അസിം മുനീറിന് ഓവൽ ഓഫീസിൽ ട്രംപ് വിരുന്ന് നൽകിയതും ഇന്ത്യയ്ക്ക് അനിഷ്ടകരമായെന്ന് എഫ്.എ.സെഡ്. റിപ്പോർട്ട് ചെയ്തു.
പുതിയ ലോകസാമ്പത്തിക കൂട്ടായ്മയുടെ സാധ്യത
ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തിൽ വരാനിരിക്കെ, അമേരിക്കയുടെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ റഷ്യ-ഇന്ത്യ-ചൈന (RIC) കൂട്ടായ്മ രൂപപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ലോകം ചർച്ച ചെയ്യുന്നു. ഈ വർഷാവസാനം നടക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനവും, ഓഗസ്റ്റ് അവസാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷാങ്ഹായ് ഉച്ചകോടിയിലെ പങ്കാളിത്തവും ഈ ചർച്ചകൾക്ക് ഊർജ്ജം പകരുന്നു.
നേട്ടങ്ങൾക്കായി സമ്മർദ്ദം ചെലുത്തുന്ന ട്രംപിന്റെ നയങ്ങൾക്ക് വഴങ്ങാതെ, പരസ്പരം സഹകരിക്കാൻ ഈ രാജ്യങ്ങൾ തയ്യാറായേക്കുമെന്ന് ചില അന്താരാഷ്ട്ര രാഷ്ട്രീയ വിദഗ്ധർ നിരീക്ഷിക്കുന്നു. ആഗോള വിപണിയിൽ ഡോളറിനെ അമിതമായി ആശ്രയിക്കുന്നത് ഈ രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ മൂന്ന് രാജ്യങ്ങളും തമ്മിൽ ഒരു കൂട്ടായ്മ രൂപീകരിക്കുകയാണെങ്കിൽ, അത് അമേരിക്കയ്ക്ക് കാര്യമായ വെല്ലുവിളിയാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യ, ചൈന, റഷ്യ എന്നിവയുടെ സംയുക്ത മൊത്തം ആഭ്യന്തര ഉത്പാദനം (GDP) 53.9 ട്രില്യൺ ഡോളറാണ്, ഇത് ലോക സാമ്പത്തിക ഉത്പാദനത്തിന്റെ മൂന്നിലൊന്ന് വരും. ഈ രാജ്യങ്ങൾ സംയുക്തമായി 5.09 ലക്ഷം കോടി ഡോളറിന്റെ കയറ്റുമതി നടത്തുന്നു, ഇത് ലോകത്തെ ആകെ കയറ്റുമതിയുടെ അഞ്ചിലൊന്നാണ്. കൂടാതെ, 4.7 ട്രില്യൺ ഡോളറിന്റെ വിദേശ നാണ്യ ശേഖരവും (ലോക വിദേശ നാണ്യ ശേഖരത്തിന്റെ 38%) ഈ രാജ്യങ്ങൾക്കുണ്ട്. ലോക ജനസംഖ്യയുടെ 37.8% അഥവാ 310 കോടി ആളുകൾ ഈ രാജ്യങ്ങളിലാണ് വസിക്കുന്നത്, ഇത് വലിയ വിപണി സാധ്യതകൾ ഉറപ്പ് വരുത്തുന്നു.
പ്രതിരോധ മേഖലയിലും RIC രാജ്യങ്ങൾ ശക്തമായ ശക്തിയാണ്. ലോകരാജ്യങ്ങളുടെ പ്രതിരോധ ബജറ്റിന്റെ 20.2% അതായത് 549 ബില്യൺ ഡോളർ ഈ രാജ്യങ്ങൾ പ്രതിരോധത്തിനായി ചെലവഴിക്കുന്നു. അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയ്ക്ക് ഉപരോധമേർപ്പെടുത്തിയതിന് ശേഷം, ഇന്ത്യയും ചൈനയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ പ്രാദേശിക കറൻസികൾ ഉപയോഗിക്കുന്നു. ഇത് പ്രാദേശിക കറൻസികളെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. ഈ പുതിയ ലോകക്രമത്തിൽ ഇന്ത്യയുടെ നിലപാട് നിർണ്ണായകമായിരിക്കും.
India and US relations have changed; New World Economic Forum likely; Trump’s strategies are not working for India