ഡൽഹി : അമേരിക്കയുടെ 50 ശതമാനം അധിക തീരുവയ്ക്ക് മറുപടിയായി പകരം തീരുവ ചുമത്തുന്നത് കേന്ദ്ര മന്ത്രിസഭ പരിഗണിച്ചേക്കും. ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം അധിക തീരുവ ചുമത്തിയതിന് മറുപടിയായി സമാനമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് ഈ നീക്കം. പാർലമെന്റിൽ എംപിമാർ ഈ വിഷയം ഉന്നയിച്ച് നോട്ടീസ് നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ തിരിച്ചടിക്ക് തയ്യാറാകാത്തത് ദൗർബല്യമായി വ്യാഖ്യാനിക്കപ്പെടുമെന്ന് ബിജെപിക്കുള്ളിൽ തന്നെ അഭിപ്രായമുയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, അമേരിക്കൻ നടപടിക്കെതിരെ ശക്തമായ നിലപാടെടുക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.
റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടർന്നതിനെത്തുടർന്ന് ഇന്ത്യക്കെതിരെ അമേരിക്ക അധിക തീരുവ ചുമത്തിയിരിക്കുന്നു. നേരത്തേ ഉണ്ടായിരുന്ന തീരുവയ്ക്ക് പുറമെയാണ് ഈ പുതിയ തീരുവ. ഇതോടെ ഇന്ത്യയിൽനിന്നുള്ള പല ഉത്പന്നങ്ങൾക്കും അമേരിക്കയിൽ മൊത്തം 50 ശതമാനം തീരുവ നൽകേണ്ടിവരും. വസ്ത്രങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, തുകൽ ഉത്പന്നങ്ങൾ, ചെരുപ്പുകൾ, ചില രാസവസ്തുക്കൾ എന്നിവയുൾപ്പെടെ പല പ്രധാന കയറ്റുമതി മേഖലകളെയും ഇത് ദോഷകരമായി ബാധിക്കും.
റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സാമ്പത്തികമായി സഹായിക്കുന്നതിന് തുല്യമാണെന്നാണ് അമേരിക്കയുടെ വാദം. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കെതിരെ അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. അതേസമയം, ഇത് തങ്ങളുടെ ഊർജ്ജസുരക്ഷ ഉറപ്പാക്കാനുള്ള നീക്കമാണെന്നാണ് ഇന്ത്യയുടെ നിലപാട്.