ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക ശേഷിയിൽ നിർണായക വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന സംയുക്ത തിയേറ്റർ കമാൻഡുകൾ രൂപീകരിക്കാനുള്ള നീക്കം ഊർജിതമാക്കി. കര-വ്യോമ-നാവിക സേനകളുടെ സംയുക്തമായുള്ള പ്രവർത്തനങ്ങളിലൂടെ ശത്രുരാജ്യങ്ങളെ കൂടുതൽ കൃത്യതയോടെയും മാരകമായും പ്രഹരിക്കാൻ സാധിക്കുമെന്നതാണ് ഈ നീക്കത്തിന്റെ പ്രധാന പ്രത്യേകത. പാകിസ്താനും ചൈനയും ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കാൻ ഇത് രാജ്യത്തെ സഹായിക്കും.
മൂന്ന് സേനാവിഭാഗങ്ങളും ഒറ്റക്കെട്ടായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഈ പുതിയ നീക്കത്തിന് പ്രചോദനമായി. ഈ മാസം 26, 27 തീയതികളിലായി മൂന്ന് സേനാവിഭാഗങ്ങളും സംയുക്തമായി മധ്യപ്രദേശിലെ ഇൻഡോറിൽ നടത്തിയ ‘രൺസംവാദ്’ സെമിനാറിലും സംയുക്ത തിയേറ്റർ കമാൻഡുകളുടെ രൂപീകരണം പ്രധാന ചർച്ചാ വിഷയമായിരുന്നു. എന്നാൽ, ചൈനയുടെയും യു.എസിന്റെയും മാതൃക പകർത്താതെ, ഇന്ത്യയുടെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള കമാൻഡുകളാണ് രൂപീകരിക്കേണ്ടതെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ മൂന്ന് കമാൻഡുകൾ
- വെസ്റ്റേൺ തിയേറ്റർ കമാൻഡ്: ഇന്ത്യ-പാകിസ്താൻ അതിർത്തി സംരക്ഷിക്കാനും അതിവേഗം തിരിച്ചടി നൽകാനും ലക്ഷ്യമിടുന്നു. ആസ്ഥാനം ജയ്‌പൂരിൽ നിർമിച്ചേക്കും.
- നോർത്തേൺ തിയേറ്റർ കമാൻഡ്: ഇന്ത്യ-ചൈന അതിർത്തി സംരക്ഷിക്കാൻ ലക്ഷ്യമിടുന്നു. ആസ്ഥാനം ലക്‌നൗവിലായിരിക്കും.
- മാരിടൈം തിയേറ്റർ കമാൻഡ്: ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിരീക്ഷണം നടത്താനും ഭീഷണികളെ നേരിടാനും ലക്ഷ്യമിടുന്നു.
തിയേറ്റർ കമാൻഡുകളുള്ള രാജ്യങ്ങൾ
- യു.എസ്.
- റഷ്യ
- ചൈന
- കാനഡ
- ഓസ്ട്രേലിയ
- യു.കെ.
തദ്ദേശീയ ആയുധങ്ങൾ കരുത്ത്
ശത്രുവിനെ നേരിടുന്നതിൽ തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾ പരമാവധി ഉപയോഗിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ തൊടുത്തുവിട്ട ഡ്രോണുകളും മിസൈലുകളും തകർത്തത് തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു.
ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2013-14 കാലത്ത് 2.53 ലക്ഷം കോടിയായിരുന്നത് ഈ സാമ്പത്തിക വർഷം 6.81 ലക്ഷം കോടിയായി വർധിച്ചു. ദീർഘകാല പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സുദർശൻ ചക്ര പദ്ധതി പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയുടെ പ്രധാന തദ്ദേശീയ ആയുധങ്ങൾ
- അഗ്നി ബാലിസ്റ്റിക് മിസൈൽ: ആണവായുധം വഹിക്കാൻ ശേഷിയുള്ള ആറ് ഇനങ്ങൾ. 11,000-12,000 കിലോമീറ്റർ പരിധിയുള്ള അഗ്നി-6 നിർമ്മാണത്തിലാണ്.
- ബ്രഹ്‌മോസ്: ഡി.ആർ.ഡി.ഒ. റഷ്യയുമായി ചേർന്ന് വികസിപ്പിച്ചെടുത്ത ദീർഘദൂര സൂപ്പർസോണിക് ക്രൂസ് മിസൈൽ.
- പൃഥ്വി: ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ. ആണവായുധം വഹിക്കാൻ ശേഷിയുണ്ട്.
- ആകാശ്: വ്യോമ പ്രതിരോധ കവചം. മധ്യദൂര മിസൈലുകളായ ഡ്രോണുകൾ, ക്രൂസ് മിസൈലുകൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയവയെ തകർക്കും.
- ശൗര്യ: ഹൈപ്പർസോണിക് ടാക്ടിക്കൽ മിസൈൽ. ആക്രമണ പരിധി 700 മുതൽ 1900 കിലോമീറ്റർ വരെ.
India is accelerating its plan to form integrated theater commands for its tri-services, a move aimed at bolstering its military capabilities against threats from China and Pakistan.