വാഷിംഗ്ടൺ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യ ശ്രദ്ധിക്കണമെന്ന് യുഎസ് റിപ്പബ്ലിക്കൻ നേതാവും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി. എത്രയും വേഗം വൈറ്റ് ഹൗസുമായി ചേർന്ന് ഒരു പരിഹാരം കാണണമെന്നും അവർ ഓർമ്മിപ്പിച്ചു. നിലവിലെ താരിഫ് പ്രശ്നങ്ങളെ സൂചിപ്പിച്ച്, “പതിറ്റാണ്ടുകളുടെ സൗഹൃദം” ഈ വിഷയത്തെ മറികടക്കാൻ സഹായിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.
ട്രംപിന്റെ നിലപാടിനെ ഇന്ത്യ ഗൗരവമായി കാണണമെന്നും, വൈറ്റ് ഹൗസുമായി ചേർന്ന് ഒരു പരിഹാരം കണ്ടെത്തണമെന്നും നിക്കി ഹേലി ‘എക്സി’ൽ (മുമ്പ് ട്വിറ്റർ) കുറിച്ചു.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള പതിറ്റാണ്ടുകളുടെ സൗഹൃദവും നല്ല മനസ്സും നിലവിലെ പ്രശ്നങ്ങളെ മറികടക്കാൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി. “വ്യാപാര തർക്കങ്ങൾ, റഷ്യൻ എണ്ണ ഇറക്കുമതി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട കാര്യമായ നമ്മുടെ പൊതുവായ ലക്ഷ്യങ്ങളിൽ നിന്ന് നമ്മൾ വ്യതിചലിക്കരുത്. ചൈനയെ നേരിടാൻ അമേരിക്കയ്ക്ക് ഇന്ത്യയിൽ ഒരു സുഹൃത്ത് കൂടിയേ തീരൂ,” ഹേലി കൂട്ടിച്ചേർത്തു.