അജു വാരിക്കാട്
ഹൂസ്റ്റൺ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) സംഘടിപ്പിക്കുന്ന 11-ാമത് അന്താരാഷ്ട്ര മീഡിയ കോൺഫറൻസിനും അവാർഡ് ദാന ചടങ്ങിനും ഹൂസ്റ്റൺ ചാപ്റ്റർ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 9 മുതൽ 11 വരെ ന്യൂ ജേഴ്‌സിയിലെ എഡിസൺ ഷെറാട്ടൺ ഹോട്ടലിലാണ് പരിപാടി നടക്കുന്നത്.
ഓഗസ്റ്റ് 7-ന് വൈകുന്നേരം സ്റ്റാഫോർഡിലെ മസാല ഹട്ട് റെസ്റ്റോറന്‍റിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. കോൺഫറൻസ് വൻ വിജയമാക്കാൻ ഹൂസ്റ്റൺ ചാപ്റ്റർ ഒരേ മനസ്സോടെ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് സൈമൺ വളാച്ചേരിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, കോൺഫറൻസിൽ ഹൂസ്റ്റൺ ചാപ്റ്ററിന് പ്രത്യേക പരിഗണന ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഹൂസ്റ്റണിലെ മാധ്യമപ്രവർത്തകർ, സുഹൃത്തുക്കൾ, സ്പോൺസർമാർ എന്നിവർക്ക് ന്യൂജേഴ്‌സിയിലെ പരിപാടിയിൽ പങ്കെടുക്കാൻ ഹാർദ്ദവമായ സ്വാഗതം. ഒരുമിച്ച് ഈ കോൺഫറൻസിനെ വൻ വിജയമാക്കാം,” സൈമൺ വളാച്ചേരിൽ പറഞ്ഞു.
ചാപ്റ്റർ സെക്രട്ടറി മോട്ടി മാത്യു, പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി ഒരു യാത്രാ പദ്ധതി അവതരിപ്പിച്ചു. “എല്ലാവരും ഒരേ വിമാനത്തിൽ യാത്ര ചെയ്യുന്നത് നമ്മുടെ കൂട്ടായ്മയുടെ പ്രതീകമായിരിക്കും. അതിനാൽ, പങ്കെടുക്കുന്നവർ ഒരുമിച്ച് ഒരേ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യണം,” അദ്ദേഹം പറഞ്ഞു. മീഡിയ കോൺഫറൻസിലെ ചർച്ചകളിൽ അംഗങ്ങൾ സജീവമായി പങ്കെടുക്കണമെന്ന് വൈസ് പ്രസിഡന്റ് ജീമോൻ റാന്നി ഓർമ്മിപ്പിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകരായ ജോയ് തുമ്പമൺ, ജോർജ് തെക്കേമല, ജോർജ് പോൾ, സജി പുല്ലാട്, ഫിന്നി രാജു ഹൂസ്റ്റൺ, ആൻസി ശാമുവേൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഹൂസ്റ്റൺ ചാപ്റ്റർ ട്രഷറർ അജു വാരിക്കാട് നന്ദി പ്രകാശിപ്പിച്ചു.

India Press Club of North America 11th International Media Conference: Strong support from Houston Chapter