ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല, യുഎസും യൂറോപ്യൻ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നു, ട്രംപിന് മറുപടിയുമായി ഇന്ത്യ

ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല, യുഎസും യൂറോപ്യൻ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നു, ട്രംപിന് മറുപടിയുമായി ഇന്ത്യ

ഡൽഹി: റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിമർശനങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ മറുപടി നൽകി. യുഎസും യൂറോപ്യൻ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുമ്പോൾ, ഇന്ത്യയുടെ കാര്യത്തിൽ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

റഷ്യ-ഉക്രെയ്ൻ സംഘർഷം ആരംഭിച്ചപ്പോൾ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാൻ യുഎസ് തന്നെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും വിദേശകാര്യ വക്താവ് ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ ഈ തീരുമാനം ആഗോള എണ്ണവില പിടിച്ചു നിർത്തുന്നതിന് സഹായിച്ചുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ട്രംപിന്റെ പരാമർശങ്ങൾ അന്താരാഷ്ട്ര സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. എന്നാൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രതികരണം, നയതന്ത്ര വിഷയങ്ങളിൽ രാജ്യത്തിന്റെ ശക്തമായ നിലപാടിനെയാണ് സൂചിപ്പിക്കുന്നത്.

അതേ സമയം, വീണ്ടും ഭീഷണിയുമായി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് എത്തി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയ 25 ശതമാനം നികുതി ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് ആണ് പുതിയ ഭീഷണി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ഇന്ത്യ അവഗണിക്കുന്നു, റഷ്യയിൽ നിന്ന് വലിയ അളവിൽ എണ്ണ വാങ്ങി തുറന്ന വിപണിയിൽ മറിച്ചു വിറ്റ് ലാഭം നേടുകയാണെന്നും ട്രംപ് ആരോപിച്ചു.

യുദ്ധത്തിലെ മരണങ്ങളോടുള്ള ഇന്ത്യയുടെ നിസ്സംഗതയാണ് താരിഫ് വർദ്ധിപ്പിക്കാനുള്ള ഒരു കാരണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ ഭീഷണി.

Share Email
Top