രാജൂ തരകൻ
ഡാളസ്: യേശുക്രിസ്തുവിന്റെ ശിഷ്യനായ തോമാ ശ്ലീഹാ ഇന്ത്യയിൽ എത്തിയതിന്റെ ഓർമ്മയ്ക്കായി തുടക്കം കുറിച്ച ഇന്ത്യൻ ക്രിസ്ത്യൻ ദിനം ആഗസ്റ്റ് 2-ന് ഡാളസിലെ കരോൾട്ടൺ സിറ്റിയിലുള്ള “ദി ചർച്ച് ഓഫ് ദ ബേ” ഓഡിറ്റോറിയത്തിൽ അവിസ്മരണീയമായി ആഘോഷിച്ചു. മാർത്തോമ്മ, യാക്കോബായ, ഓർത്തഡോക്സ്, കനാനായ, ബ്രദറൻ, സി.എസ്.ഐ., കത്തോലിക്കാ, ഐ.പി.സി., ചർച്ച് ഓഫ് ഗോഡ്, സ്വതന്ത്ര സഭകൾ, മെതഡിസ്റ്റ്, നോൺ-ഡിനോമിനേഷൻ തുടങ്ങിയ വിവിധ ക്രൈസ്തവ സഭകളിലെ വൈദികരും, സഭാ നേതാക്കളും, വിശ്വാസികളും, സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾ സമ്മേളനത്തിൽ ഒത്തുകൂടിയത് ശ്രദ്ധേയമായി. ഇന്ത്യയ്ക്ക് വിദേശ മിഷനറിമാരിൽ നിന്ന് ലഭിച്ച സംഭാവനകളെക്കുറിച്ചും, സുവിശേഷത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ അനുഭവങ്ങളെക്കുറിച്ചും സമ്മേളനത്തിൽ ചർച്ചകൾ നടന്നു.
കരോൾട്ടൺ പ്രോ ടെം മേയർ ഡെയ്‌സി പലാമോ, മർഫി പ്രോ ടെം മേയർ എലിസബത്ത് എബ്രഹാം, ഗാർലാൻഡ് അഡ്വൈസറി മെംബർ പി.സി. മാത്യു എന്നിവർ പ്രസംഗിച്ചു. പ്രൊഫസർ സണ്ണി മാത്യുവാണ് മുഖ്യസന്ദേശം നൽകിയത്. ഡാളസ്-ഫോർട്ട് വർത്ത് സിറ്റി വൈഡ് പ്രയർ ഫെലോഷിപ്പ് കോർഡിനേറ്റർ പാസ്റ്റർ മാത്യു ശമുയേൽ, പാസ്റ്റർ ജോൺ എളമ്പള്ളി, പോൾ ഗുരുപ്പ് എന്നിവരാണ് പരിപാടിയുടെ മുഖ്യ സംഘാടകർ.



Indian Christian Day celebrated in a memorable manner