അറ്റ്‌ലാൻറ: ജോർജിയയിലെ ഒരു വാൾമാർട്ട് സ്റ്റോറിൽ വെച്ച് രണ്ട് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ ഇന്ത്യൻ വംശജനായ മഹേന്ദ്ര പട്ടേലിനെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി. സിസിടിവി ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിച്ചതിനെ തുടർന്നാണ് ഈ നടപടി. മാർച്ചിലാണ് 62-കാരനായ മഹേന്ദ്ര പട്ടേൽ കസ്റ്റഡിയിലായത്.
വാൾമാർട്ടിൽ വെച്ച് തന്റെ മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന് ഒരു സ്ത്രീ ആരോപിച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, കുട്ടി കളിപ്പാട്ടത്തിൽ നിന്ന് താഴെ വീഴുന്നത് തടയാൻ പട്ടേൽ ശ്രമിക്കുക മാത്രമായിരുന്നുവെന്ന് തെളിഞ്ഞു. തെളിവുകളുടെ പരിശോധനയ്ക്ക് ശേഷം ഈ മാസം ആദ്യം പട്ടേലിനെതിരെയുള്ള കുറ്റങ്ങൾ ഔദ്യോഗികമായി റദ്ദാക്കി. നിരപരാധിയാണെന്ന് തെളിഞ്ഞിട്ടും, നിയമനടപടികൾ പൂർത്തിയാകാൻ പട്ടേലിന് 47 ദിവസം ജയിലിൽ കഴിയേണ്ടിവന്നു.
പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെ, ജയിലിലെ തന്റെ ദുരിതാനുഭവങ്ങൾ പട്ടേൽ വിശദീകരിച്ചു. “എനിക്ക് ദിവസങ്ങളോളം മരുന്ന് ലഭിച്ചില്ല. ഒരു സസ്യാഹാരിയായതുകൊണ്ട് റൊട്ടിയും, പീനട്ട് ബട്ടറും, പാലും കഴിച്ചാണ് ഞാൻ ജീവിച്ചത്. ഏകദേശം 18 പൗണ്ടോളം ഭാരം എനിക്ക് കുറഞ്ഞു. മറ്റ് തടവുകാരിൽ നിന്ന് ഭീഷണിയും നേരിട്ടു,” അദ്ദേഹം പറഞ്ഞു.
സംഭവത്തെ തുടർന്ന് നേരിട്ട മാനസികാഘാതത്തെക്കുറിച്ചും പട്ടേൽ വെളിപ്പെടുത്തി. ഓൺലൈനിൽ തനിക്കെതിരെ വംശീയ അധിക്ഷേപങ്ങളും വിദ്വേഷ പരാമർശങ്ങളും ഉണ്ടായി. “എന്നെ നാടുകടത്തണമെന്ന് സോഷ്യൽ മീഡിയയിൽ പലരും ആവശ്യപ്പെട്ടു, ചിലർ ജീവനോടെ ചുട്ടുകൊല്ലണമെന്ന് പോലും പറഞ്ഞു,” അദ്ദേഹം ഓർത്തെടുത്തു.
മോചിതനായതിന് ശേഷം ജോർജിയ പോലീസും ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസും പരസ്യമായി മാപ്പ് പറയണമെന്ന് പട്ടേൽ ആവശ്യപ്പെട്ടു. “അവർ അവരുടെ തെറ്റ് പരസ്യമായി സമ്മതിക്കണം. ഞാൻ അനുഭവിച്ച ദുരിതങ്ങൾ മറ്റൊരു നിരപരാധിക്കും സംഭവിക്കാതിരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കണം,” അദ്ദേഹം പറഞ്ഞു.
Indian-origin man arrested for trying to kidnap child at Walmart found innocent, court finds