‘ട്രെയിനിന് കല്ലെറിയല്ലേ’: കല്ലേറ് തടയാൻ റെയിൽവേയുടെ തീവ്ര ക്യാമ്പയിൻ

‘ട്രെയിനിന് കല്ലെറിയല്ലേ’: കല്ലേറ് തടയാൻ റെയിൽവേയുടെ തീവ്ര ക്യാമ്പയിൻ

കൊച്ചി: ട്രെയിനുകൾക്ക് നേരെ തുടർച്ചയായി കല്ലേറുണ്ടാകുന്ന സാഹചര്യത്തിൽ, ഇത് തടയാൻ തീവ്ര ക്യാമ്പയിനുമായി റെയിൽവേ രംഗത്ത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് 7,971 കല്ലേറ് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. റെയിൽവേ പോലീസിന്റെ പട്രോളിംഗും ബോധവൽക്കരണവും ശക്തമാക്കുന്നതടക്കമുള്ള 15 ദിവസത്തെ ക്യാമ്പയിനാണ് റെയിൽവേ ബോർഡ് പ്രഖ്യാപിച്ചത്.

ട്രെയിനിന് നേരെ കല്ലേറുണ്ടാകുന്നത് യാത്രക്കാർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കണ്ണിന് പരിക്കേൽക്കുന്ന സംഭവങ്ങൾ കേരളത്തിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ സ്ഥിതി കൂടുതൽ വഷളായി. പൊട്ടിയ ചില്ലുകളും മറ്റ് കേടുപാടുകളും തീർക്കാൻ റെയിൽവേയ്ക്ക് വലിയ തുക ചെലവഴിക്കേണ്ടിവന്നു. എന്നാൽ, ഇരുട്ടിന്റെ മറവിൽ വിജനമായ സ്ഥലങ്ങളിൽ നിന്നുള്ള കല്ലേറായതിനാൽ പ്രതികളെ പലപ്പോഴും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബോധവൽക്കരണം ശക്തമാക്കാൻ റെയിൽവേ തീരുമാനിച്ചത്.

ക്യാമ്പയിന്റെ പ്രവർത്തനങ്ങൾക്ക് റെയിൽവേ ബോർഡിന്റെ ദൈനംദിന മേൽനോട്ടമുണ്ടാകും. കീഴ്ഘടകങ്ങൾ എല്ലാ ദിവസവും റിപ്പോർട്ട് നൽകണം. സംസ്ഥാനതലത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു സുരക്ഷാ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ട്രെയിൻ എസ്കോർട്ട് ടീമിനെയും കൂടുതൽ ജാഗരൂകരാക്കും.

ജൂലൈ 28-ന് തുടക്കം കുറിച്ച ഈ ക്യാമ്പയിൻ പ്രകാരം, കൂടുതൽ കല്ലേറുണ്ടാകുന്ന സ്ഥലങ്ങളിൽ (ഹോട്ട്സ്പോട്ടുകളിൽ) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (ആർ.പി.എഫ്.) പട്രോളിംഗ് ശക്തമാക്കും. കല്ലെറിയുന്നവരെ കൈയോടെ പിടികൂടി കർശന വകുപ്പുകൾ ചുമത്തി കേസെടുക്കാൻ നടപടിയുണ്ടാകും. പ്രാദേശിക പോലീസും പട്രോളിംഗിനുണ്ടാകും. റെയിൽവേ പാളത്തിനടുത്തുള്ള ചേരികളിലും മറ്റും താമസിക്കുന്ന കുട്ടികളെ കല്ലേറിന്റെ ഭവിഷ്യത്തുകൾ അറിയിക്കും. സ്കൂളുകളിലും കോളേജുകളിലും ബോധവൽക്കരണം നടത്തും. കൂടാതെ, പാളം തടസ്സപ്പെടുത്തി ട്രെയിനിന്റെ ഓട്ടം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും നിരീക്ഷിക്കും.

ട്രെയിൻ കല്ലേറിൽ അറസ്റ്റ് (2023-25): 4,549

കോച്ച് അറ്റകുറ്റപ്പണിക്ക് ചെലവായ തുക: ₹5.79 കോടി

Indian Railways has launched a 15-day campaign to combat a surge in stone-pelting incidents against trains, which have caused significant damage and injuries to passengers.

Share Email
Top