റഷ്യൻ എണ്ണ വീണ്ടും വാങ്ങി ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ; 5 ശതമാനം ഡിസ്‌കൗണ്ടില്‍ ഇന്ത്യക്ക് എണ്ണ നൽകുമെന്ന് റഷ്യ

റഷ്യൻ എണ്ണ വീണ്ടും വാങ്ങി ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ; 5 ശതമാനം ഡിസ്‌കൗണ്ടില്‍ ഇന്ത്യക്ക് എണ്ണ നൽകുമെന്ന് റഷ്യ

മുംബൈ: റഷ്യയിൽനിന്ന് വീണ്ടും എണ്ണ വാങ്ങി രാജ്യത്തെ പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. സെപ്റ്റംബർ, ഒക്ടോബർ മാസം ഡെലിവറി നടത്താനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം എന്നീ കമ്പനികളാണ് റഷ്യൻ എണ്ണയ്ക്ക് പുതിയ ഓർഡറുകളുമായി രംഗത്തുവന്നത്.

അമേരിക്ക ഇന്ത്യക്കുമേൽ തീരുവ ചുമത്തിയതോടെ റഷ്യൻ എണ്ണ വാങ്ങുന്നത് കമ്പനികൾ കുറച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും തമ്മിൽ ചർച്ചനടത്തിയതിനുപിന്നാലെയാണ് ഇന്ത്യൻ കമ്പനികൾ വീണ്ടും റഷ്യൻ എണ്ണ വാങ്ങിത്തുടങ്ങിയിരിക്കുന്നത്. 5 ശതമാനം ഡിസ്‌കൗണ്ടില്‍ ഇന്ത്യക്ക് എണ്ണ നൽകുമെന്ന് റഷ്യയും വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യയുടെ എണ്ണവിലയിലെ ഇളവ് കുറഞ്ഞതും ജൂലൈയിൽ റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്താൻ ഇന്ത്യൻ കമ്പനികളെ പ്രേരിപ്പിച്ചിരുന്നു. ഇന്ത്യൻ കമ്പനികൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത്‌ കുറച്ചപ്പോൾ ചൈന കൂടുതലായി വാങ്ങാൻ രംഗത്തുവന്നിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതുതുടർന്നാൽ ഇന്ത്യക്കുമേൽ ഓഗസ്റ്റ് 27 മുതൽ 25 ശതമാനം പിഴത്തീരുവ ചുമത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുനിലനിൽക്കെയാണ് ഇന്ത്യൻ പൊതുമേഖലാക്കമ്പനികൾ കൂടുതൽ എണ്ണ വാങ്ങാൻ രംഗത്തുവന്നിരിക്കുന്നത്. വിപണിയിലെ വിലയും സാഹചര്യവും നോക്കി റഷ്യൻ എണ്ണ വാങ്ങുന്നത്‌ തുടരുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

Indian state-owned oil companies buy Russian oil again

Share Email
Top