ഇന്ത്യയുടെ ‘പെൺ പുലികൾ’ ഏഷ്യൻ കപ്പിന്! 20 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അണ്ടർ 20 ഫുട്‌ബോൾ ടീം യോഗ്യത സ്വന്തമാക്കി

ഇന്ത്യയുടെ ‘പെൺ പുലികൾ’ ഏഷ്യൻ കപ്പിന്! 20 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അണ്ടർ 20 ഫുട്‌ബോൾ ടീം യോഗ്യത സ്വന്തമാക്കി

യാങ്കോൺ: ഇന്ത്യൻ വനിതകൾക്ക് ചരിത്രനേട്ടം; അണ്ടർ 20 വനിതാ ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഇന്ത്യ ഫൈനൽ റൗണ്ടിൽ. രണ്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനു വിരമാമിട്ട് ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീം. എഎഫ്‌സി അണ്ടർ 20 വനിതാ ഏഷ്യൻ കപ്പ് പോരാട്ടത്തിനു ഇന്ത്യൻ ടീം യോഗ്യത സ്വന്തമാക്കി. മ്യാൻമറിനെ 10ത്തിനു വീഴ്ത്തിയാണ് ഇന്ത്യ 20 വർഷത്തിനു ശേഷം ഏഷ്യൻ കപ്പിനു യോഗ്യത സ്വന്തമാക്കിയത്.

യോഗ്യതാ പോരട്ടത്തിന്റെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് ടീമിന്റെ മുന്നേറ്റം. കളിയുടെ 27ാം മിനിറ്റിൽ പൂജ നേടിയ ഒറ്റ ഗോളിലാണ് ഇന്ത്യ സീറ്റുറപ്പിച്ചത്. നേഹയുടെ അസിസ്റ്റിൽ നിന്നാണ് പൂജയുടെ ഗോൾ വന്നത്.

ആദ്യ പകുതിയിൽ ഇന്ത്യയുടെ ആധിപത്യമായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ മ്യാൻമർ തിരിച്ചു വരാൻ കിണഞ്ഞു ശ്രമിച്ചു. എന്നാൽ ഇന്ത്യ പ്രതിരോധം കരുത്തുറ്റതാക്കി അവരുടെ മുന്നേറ്റങ്ങളെ ചെറുത്തു. പുതിയ പരിശീലകനായ സ്വീഡൻകാരൻ ജോക്കി അലക്‌സാൻഡേഴ്‌സിനു കീഴിൽ ടീം മികവിലേക്ക് ഉയരുന്ന കാഴ്ചയാണ് കാണുന്നത്.

അടുത്ത വർഷം തായ്‌ലൻഡിലാണ് ഏഷ്യൻ കപ്പ് അണ്ടർ 20 ഫുട്ബോൾ. 2006ലാണ് ഇന്ത്യ ഇതിനു മുൻപ് ഏഷ്യൻ കപ്പിനു യോഗ്യത നേടിയത്. അന്ന് അണ്ടർ 19 പ്രായവിഭാഗത്തിലായിരുന്നു ടൂർണമെന്റ്. സീനിയർ വിഭാഗം ഏഷ്യൻ കപ്പിന് ഇന്ത്യൻ വനിതാ ടീം നേരത്തേ യോഗ്യത നേടിയിരുന്നു. 23 വർഷത്തിനു ശേഷമാണു സീനിയർ ടീമിന്റെ നേട്ടം.അണ്ടർ 20 വിഭാഗം യോഗ്യതാ റൗണ്ടിൽ ഒരു മത്സരം പോലും തോൽക്കാതെ, ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഇന്ത്യൻ ടീം ഫൈനൽസിലെത്തുന്നത്. ഗ്രൂപ്പ് ഡിയിലെ മറ്റു മത്സരങ്ങളിൽ ഇന്തൊനീഷ്യയുമായി ഗോൾരഹിത സമനില വഴങ്ങിയ ഇന്ത്യ തുർക്ക്മെനിസ്ഥാനെ 7–0ന് തോൽപിച്ചിരുന്നു.

അണ്ടർ 20 ഏഷ്യൻ കപ്പിനു യോഗ്യത നേടിയ ഇന്ത്യൻ ടീമിന് 25000 യുഎസ് ഡോളർ (ഏകദേശം 21.89 ലക്ഷം രൂപ) അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പാരിതോഷികം പ്രഖ്യാപിച്ചു.

India’s ‘Lionesses’ Qualify for Asian Cup! U-20 Football Team Ends 20-Year Wait

Share Email
Top