ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 4 ഉള്‍പ്പടെ ഒരു കൂട്ടം ബഹിരാകാശ പദ്ധതികള്‍ പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ മേധാവി ഡോ. വി. നാരായണന്‍. ന്യൂഡല്‍ഹിയില്‍ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രയാന്‍ 4, വീനസ് ഓര്‍ബിറ്റര്‍ ദൗത്യം എന്നിവ വിക്ഷേപിക്കുമെന്നും 2035-ഓടുകൂടി ഇന്ത്യയുടെ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍ (ബിഎഎസ്) ഭ്രമണപഥത്തില്‍ സ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ രംഗത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദിശാബോധത്തെയും ചിന്താശേഷിയേയും പ്രകീര്‍ത്തിച്ച ഐഎസ്ആര്‍ഒ മേധാവി 2040 ഓടെ ഇന്ത്യ ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുമെന്നും പ്രഖ്യാപിച്ചു. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ മോഡ്യൂള്‍ 2028 ല്‍ വിക്ഷേപിക്കുമെന്നും വി നാരായണന്‍ പറഞ്ഞു. നെക്സ്റ്റ് ജനറേഷന്‍ ലോഞ്ചര്‍ നിര്‍മിക്കാന്‍ പ്രധാനമന്ത്രി അനുവാദം നല്‍കിയിട്ടുണ്ട്. ഇതുവഴി ഇന്ത്യയുടെ ബഹിരാകാശ രംഗം മറ്റ് ലോകത്തെ മറ്റ് ബഹിരാകാശ പദ്ധതികളുമായി ഏറ്റുമുട്ടുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളില്‍ ഒരാളെ അയക്കാനുള്ള ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതായിരുന്നുവെന്നും വി നാരായണന്‍ പറയുന്നു. അതിന് സാധിച്ചത് ഐഎസ്ആര്‍ഒയുടെ നേട്ടങ്ങളിലൊന്നാണ്.
ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയതിന്റെ സ്മരണാര്‍ഥമാണ് ഓഗസ്റ്റ് 23 ന് ഇന്ത്യ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്ത് എത്തിച്ചേര്‍ന്ന് ഇന്ത്യ ചരിത്രം സൃഷ്ടിച്ചുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാ ദിവസവും പുതിയ നേട്ടങ്ങള്‍ കൈവരിക്കുകയെന്നത് ഇന്ത്യയുടേയും ശാസ്ത്രജ്ഞരുടേയും ശീലമായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
India’s space station to be placed in orbit by 2035: ISRO chief Dr. V. Narayanan