തൃശ്ശൂർ: മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ബിജെപിയെ പിന്തുണച്ച് പ്രസ്താവന നടത്തിയ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ സീറോ മലബാർ സഭയിൽ വിമർശനം ശക്തമാകുന്നു. ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണുക്കാടൻ, പാംപ്ലാനിയുടെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് വിമർശിച്ചു. സഭയുടെ നിലപാട് വ്യക്തമാക്കേണ്ടത് സഭാധ്യക്ഷന്മാരാണെന്നും, വ്യക്തിപരമായ അഭിപ്രായങ്ങൾ സഭയെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ നിലപാട് രാഷ്ട്രീയ പക്ഷപാതമല്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കന്യാസ്ത്രീകൾക്കെതിരായ കേസ് പിൻവലിക്കുകയും കുറ്റപത്രം റദ്ദാക്കുകയും വേണമെന്ന് മാർ പോളി കണ്ണുക്കാടൻ ആവശ്യപ്പെട്ടു. ജാമ്യം ലഭിക്കാൻ സഹായിച്ച രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾക്ക് നന്ദി അറിയിക്കുകയും, മാധ്യമങ്ങളുടെ ശ്രമങ്ങൾ ഈ വിഷയത്തിൽ ജനശ്രദ്ധ നേടിയെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു സഹോദരങ്ങളോടും നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലാണ് കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കിയതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും പ്രശംസിക്കുന്നുവെന്നും മാർ ജോസഫ് പാംപ്ലാനി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.