‘സൈക്കോ ക്യാരക്ടറുള്ള ഇരുട്ടിന്‍റെ മറവിൽ വീഡിയോ കോൾ വിളിക്കുന്ന’ യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിലോ? നിഷേധിക്കാതെ നടി റിനി, എംഎൽഎ ഓഫീസിലേക്ക് ബിജെപി പ്രതിഷേധം

‘സൈക്കോ ക്യാരക്ടറുള്ള ഇരുട്ടിന്‍റെ മറവിൽ വീഡിയോ കോൾ വിളിക്കുന്ന’ യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിലോ? നിഷേധിക്കാതെ നടി റിനി, എംഎൽഎ ഓഫീസിലേക്ക് ബിജെപി പ്രതിഷേധം

പാലക്കാട്: ‘സൈക്കോ ക്യാരക്ടറുള്ള, ഇരുട്ടിന്‍റെ മറവിൽ വീഡിയോ കോൾ വിളിക്കുന്ന’ അശ്ലീല സന്ദേശം അയച്ച യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലാണോയെന്ന ചോദ്യത്തോട് പേര് നിഷേധിക്കാതെയാണ് നടി റിനി ആൻ ജോർജ് പ്രതികരിച്ചത്. പരിചയപ്പെട്ടപ്പോൾ‌ തന്നെ അശ്ലീല സന്ദേശം അയച്ച ഈ യുവ നേതാവ് 3 വർഷങ്ങൾക്ക് മുമ്പാണ് ആദ്യമായി മെസേജ് അയച്ചതെന്ന് നടി വിവരിച്ചു. അതിന് ശേഷമാണ് ഇയാൾ എം എൽ എ ആയതെന്നും റിനി വ്യക്തമാക്കി. രാഷ്ട്രീയ നേതാവാകാൻ പോലും ആ വ്യക്തിക്ക് യോഗ്യതയില്ലെന്നും അങ്ങനെ യോഗ്യത ഉണ്ടായിരുന്നെങ്കിൽ സ്ത്രീകളോട് ഇങ്ങനെ പെരുമാറില്ലെന്നും റിനി അഭിപ്രായപ്പെട്ടു. ഇക്കാര്യം പല നേതാക്കളെയും അറിയിച്ചെന്നും നേതാക്കളിൽനിന്ന് നീതി ലഭിച്ചില്ലെന്നും അവർ വ്യക്തമാക്കി. തനിക്ക് നീതി ലഭിക്കാത്തത് പ്രതിപക്ഷ നേതാവിൽ നിന്നാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് അങ്ങനെ പെരുമാറിയിട്ടില്ലെന്നും അദ്ദേഹം മാനസ പിതാവാണെന്നും റിനി വിവരിച്ചു.

അതേസമയം റിനിയുടെ ആരോപണത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ശക്തമാക്കി ബി ജെ പി രംഗത്തെത്തി. പാലക്കാട് എം എൽ എ ഓഫീസിലേക്ക് ബി ജെ പി രാത്രി തന്നെ പ്രതിഷേധം നടത്തി. പ്രതിഷേധം നേരിയ സംഘർഷത്തിലാണ് കലാശിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്നാണ് ബി ജെ പി ആവശ്യപ്പെടുന്നത്.

റിനി ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ

യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടിയും മാധ്യമ പ്രവർത്തകയും ആയ റിനി ആൻ ജോർജ് രംഗത്തെത്തിയത്. തനിക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തുവെന്ന് നടി ആരോപിച്ചു. ആ വ്യക്തി അയാളുടെ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ കുടുംബത്തിലെ സ്ത്രീകൾക്കും ശല്യമാണെന്ന് റിനി വെളിപ്പെടുത്തി. ഏതെങ്കിലും പാർട്ടിയെയോ പ്രസ്ഥാനത്തെയോ താറടിക്കാൻ താൻ ശ്രമിക്കുന്നില്ല. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ ആണു ഇത് പറയുന്നത്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരോട് ഈ കാര്യം പറഞ്ഞിരുന്നതായും, പരാതിയായി ഉന്നയിച്ചപ്പോൾ പല വിഗ്രഹങ്ങളും ഉടഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു. ഒരു രാഷ്ട്രീയ നേതാവിനോട് പരാതി പറഞ്ഞപ്പോൾ, ‘അത് അവന്റെ മിടുക്ക്’ എന്നാണ് മറുപടി ലഭിച്ചത്. മൂന്നര വർഷം മുൻപ് സമൂഹമാധ്യമം വഴിയാണ് ഇയാളെ പരിചയപ്പെട്ടതെന്നും നല്ല സൗഹൃദം പ്രതീക്ഷിച്ചിരുന്നെങ്കിലും മോശം രീതിയിലാണ് സംസാരിച്ചതെന്നും റിനി പറഞ്ഞു. താൻ ഉപദേശിച്ചപ്പോൾ, സ്ത്രീ പീഡനക്കേസുകളിൽപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് എന്തു സംഭവിച്ചു എന്നായിരുന്നു അയാളുടെ മറുപടി. പലരും ‘ഹൂ കെയേർസ്’ എന്ന് പറഞ്ഞ് നിസ്സാരവത്കരിക്കുകയാണെന്നും റിനി വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിരുന്നു എന്നും അവർ വെളിപ്പെടുത്തി. ഈ വ്യക്തി കാരണം പീഡനം അനുഭവിക്കുന്ന മറ്റു പെൺകുട്ടികൾ ധൈര്യമായി മുന്നോട്ട് വരണമെന്നും, ഇയാൾക്ക് വലിയ സംരക്ഷണ സംവിധാനമുണ്ടെന്നും റിനി പറഞ്ഞു. താൻ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പോയി പറയാനാണ് അയാൾ പറഞ്ഞതെന്നും അവർ വെളിപ്പെടുത്തി. സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഇതേ വ്യക്തിയെക്കുറിച്ച് ആരോപണം ഉയർന്നിരുന്നുവെന്നും റിനി ചൂണ്ടിക്കാണിച്ചു. ഹൂ കെയേഴ്സ് എന്നാണ് ഇയാളുടെ ഇപ്പോഴത്തെയും ആറ്റിറ്റ്യൂഡ് എന്നും റിനി വെളിപ്പെടുത്തി.

Share Email
Top