ഫലസ്തീൻ പ്രതിരോധ നായകൻ ഇസ്സുദ്ദീൻ അൽ ഖസ്സാമിന്റെ ഖബറിടം പൊളിക്കണമെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗ്വിർ

ഫലസ്തീൻ പ്രതിരോധ നായകൻ ഇസ്സുദ്ദീൻ അൽ ഖസ്സാമിന്റെ ഖബറിടം പൊളിക്കണമെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗ്വിർ

ഇസ്രായേൽ സയണിസ്റ്റ് അതിക്രമങ്ങൾക്കെതിരെ ഫലസ്തീനിൽ ചെറുത്തുനില്‍പിന് നേതൃത്വം നൽകി രക്തസാക്ഷിയായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ ഖബറിടം പൊളിച്ചുമാറ്റണമെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രിയും തീവ്രവലതുപക്ഷക്കാരനുമായ ഇറ്റാമർ ബെൻ ഗ്വിർ. ഹൈഫയിൽ സ്ഥിതി ചെയ്യുന്ന ഖബ്ർ നാളെ രാവിലെ പൊളിച്ചുമാറ്റാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് നെഷർ മേയർ റോയ് ലെവിയോടാണ് ബെൻ ഗ്വിർ ആവശ്യപ്പെട്ടത്.

നെസെറ്റ് കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ ഖബറിടം തകർക്കുന്നത് ‘മരിച്ചാലും വിടില്ലെന്ന വളരെ വ്യക്തമായ സന്ദേശം’ നൽകുമെന്ന് ബെൻഗ്വിർ പറഞ്ഞു. ഇത്തരം ശ്രമങ്ങൾക്ക് പൊലീസ് സുരക്ഷ നൽകുമെന്നും മന്ത്രി പറഞ്ഞു. ഇസ്‍ലാമിക പണ്ഡിതനും പ്രബോധകനും സേനാ നായകനുമായ ഇസ്സുദ്ദീൻ അബ്ദുൽ ഖാദിർ ഇബ്ൻ മുസ്തഫ ഇബ്ൻ യൂസഫ് ഇബ്ൻ മുഹമ്മദ് അൽ ഖസ്സാം എന്ന ഇസ്സുദ്ദീന്‍ ഖസ്സാം സിറിയയിലാണ് ജനിച്ചത്. ഇദ്ദേഹത്തിന്റെ പേരാണ് ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡിന് നൽകിയിരിക്കുന്നത്. സിറിയയിലെ ഫ്രഞ്ച് കൊളോണിയലിസത്തിനെതിരെയും ബ്രിട്ടീഷ്, സയണിസ്റ്റ് അധിനിവേശത്തിനെതിരെയും പോരാടിയ ഇദ്ദേഹം 1935ല്‍ ബ്രിട്ടീഷ് -ഫ്രഞ്ച് സൈന്യത്തിന്റെ ആക്രമണത്തിലാണ് രക്തസാക്ഷിയായത്.

അതിനിടെ, ഗസ്സയിൽ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേൽ സൈനികർക്കിടയിൽ ആത്മഹത്യ പ്രവണത വർധിച്ചുവരുന്നതായി ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) വെളിപ്പെടുത്തൽ. രണ്ടുവർഷത്തിനിടെ 37 സൈനികർ ജീവനൊടുക്കിയതായാണ് ഐ.ഡി.എഫ് പേഴ്‌സണൽ ഡയറക്ടറേറ്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ അമീർ വാദ്മാനി ഇസ്രായേൽ വിദേശകാര്യ, പ്രതിരോധ കമ്മിറ്റിയുടെ മാനവ വിഭവശേഷി ഉപസമിതി മുമ്പാകെ വ്യക്തമാക്കിയത്. 2024ൽ 21 പേരും 2025ൽ ഇതുവരെ 16 പേരുമാണ് ജീവനൊടുക്കിയത്.

ഗസ്സ യുദ്ധം തുടങ്ങിയ ശേഷമാണ് ഐ.ഡി.എഫ് സൈനികർക്കിടയിൽ -പ്രത്യേകിച്ച് റിസർവ് സൈനികർക്കിടയിൽ- ആത്മഹത്യകൾ വർധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആത്മഹത്യ വർധിച്ചതോടെ സൈന്യത്തിന് പിന്തുണ നൽകാൻ മാനസികാരോഗ്യ വിദഗ്ധരുടെ എണ്ണം വർധിപ്പിക്കുകയും 24 മണിക്കൂറും സഹായം ലഭ്യമാക്കാൻ ഹോട്ട്‌ലൈനുകൾ തുറക്കുകയും ചെയ്തതായി ഐ.ഡി.എഫ് അറിയിച്ചു.

Israeli Minister Calls for Order to Demolish the Tomb of Izzuddin al-Qassam

Share Email
LATEST
Top