ഐഎസ്ആർഒയും നാസയും സംയുക്തമായി വികസിപ്പിച്ച NISAR വിന്യാസം വിജയം: വീഡിയോ

ഐഎസ്ആർഒയും നാസയും സംയുക്തമായി വികസിപ്പിച്ച NISAR വിന്യാസം വിജയം: വീഡിയോ

ന്യൂഡൽഹി: ഭീമാകാരമായ റഡാര്‍ റിഫ്‌ളക്ടര്‍ ആന്റിന ഭ്രമണപഥത്തില്‍ വിജയകരമായി വിന്യസിച്ച് നാസ-ഇസ്രോ സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ (NISAR). ബഹിരാകാശത്തേക്ക് അയച്ച ഇത്തരത്തിലുള്ള ഏറ്റവും വലിയ ആന്റിനകളിലൊന്നായ എട്ട് മീറ്റര്‍ വീതിയുള്ള ഈ ആന്റിന പൂര്‍ണ്ണമായി വികസിപ്പിച്ച് കൃത്യമായ സ്ഥാനത്ത് ഉറപ്പിച്ചതായി എഞ്ചിനീയര്‍മാര്‍ സ്ഥിരീകരിച്ചു. ഇത് ദൗത്യത്തിന്റെ കമ്മീഷനിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കും. വിജയകരമായ വിക്ഷേപണത്തിനുശേഷം സമ്പൂര്‍ണമായി ദൗത്യം ഏറ്റെടുക്കുന്നതിലേക്ക് NISAR ഇനി വഴിമാറും.

ഒരു കുടപോലെ നിവര്‍ന്ന ഈ ഭീമാകാരമായ റിഫ്‌ളക്ടറിന്റെ വിന്യാസം ഭൂമിയുടെ ഉയര്‍ന്ന റെസല്യൂഷനുള്ള റഡാര്‍ ചിത്രങ്ങള്‍ പകര്‍ത്തുക എന്ന ദൗത്യത്തിന് നിര്‍ണായകമാണ്. നാസ നിര്‍മ്മിച്ച എല്‍-ബാന്‍ഡിലും ഇസ്രോ നല്‍കിയ എസ്-ബാന്‍ഡിലും പ്രവര്‍ത്തിക്കുന്ന അത്യാധുനിക റഡാര്‍ ഉപകരണങ്ങളുമായി ചേര്‍ന്നാണ് ഈ റിഫ്‌ളക്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഭൂമിയുടെ ഉപരിതലം, മഞ്ഞുപാളികള്‍, വനങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ സൂക്ഷ്മമായ മാറ്റങ്ങള്‍ അഭൂതപൂര്‍വമായ കൃത്യതയോടെ നിരീക്ഷിക്കാന്‍ ഇത് ബഹിരാകാശ പേടകത്തെ പ്രാപ്തമാക്കുന്നു. ദൗത്യത്തിന്റെ മിടിക്കുന്ന ഹൃദയമാണ് ഈ റിഫ്‌ളക്ടറെന്ന് വിദഗ്ധര്‍ പ്രസ്താവനയില്‍ പറയുന്നു. ഇതിന്റെ പൂര്‍ണ്ണവും സുരക്ഷിതവുമായ വിന്യാസം ഉപഗ്രഹം അടുത്ത ഘട്ട പരീക്ഷണങ്ങള്‍ തുടങ്ങാന്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ്.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനവും (ഇസ്രോ) നാസയും സംയുക്തമായി വികസിപ്പിച്ച NISAR ഈ വര്‍ഷം ആദ്യം ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ത്യയുടെ ജിഎസ്എല്‍വി മാര്‍ക്ക്-II റോക്കറ്റിലാണ് വിക്ഷേപിച്ചത്. കാലാവസ്ഥാ, ദുരന്ത നിരീക്ഷണത്തിനായുള്ള അന്താരാഷ്ട്ര സഹകരണത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്ന് കരുതുന്നതാണ് ദൗത്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ പ്രധാന സംയുക്ത ഭൗമശാസ്ത്ര ഉപഗ്രഹമാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ദൗത്യത്തിന്റെ മറ്റൊരുഘട്ടംകൂടി വിജയകരമായി പിന്നിട്ടതോടെ വരുന്ന ആഴ്ചകളില്‍ എന്‍ജിനീയര്‍മാര്‍ ഉപഗ്രഹത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കുന്നതിന്റെ ഭാഗമായുള്ള സിസ്റ്റം പരിശോധനകള്‍, കാലിബ്രേഷന്‍, ഉപകരണങ്ങളുടെ ട്യൂണിംഗ് എന്നിവ ഭൂമിയില്‍നിന്ന് നടത്തും.

പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായാല്‍ NISAR ഓരോ 12 ദിവസത്തിലും ഭൂമിയെ മുഴുവന്‍ കൃത്യമായി മാപ്പ് ചെയ്യും. ഹിമാനികള്‍ ഉരുകുന്നത്, ഭൂമി ഇടിഞ്ഞുതാഴുന്നത്, ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രങ്ങള്‍ തുടങ്ങിയ പ്രതിഭാസങ്ങളെ മനസിലാക്കാന്‍ നിര്‍ണായകമായ വിവരങ്ങള്‍ നല്‍കും. ഉയരുന്ന സമുദ്രനിരപ്പ് മുതല്‍ കാര്‍ഷിക മേഖലയിലെ സമ്മര്‍ദ്ദം വരെ, ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിന് NISAR നല്‍കുന്ന വിവരങ്ങള്‍ വിലപ്പെട്ടതായിരിക്കുമെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ദുരന്തനിവാരണ രംഗത്തും ഈ ഉപഗ്രഹം വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തത്സമയം നിരീക്ഷിക്കാന്‍ സഹായിക്കുന്ന വേഗമേറിയതും എല്ലാ കാലാവസ്ഥയിലും ലഭ്യമാകുന്നതുമായ ചിത്രങ്ങള്‍ ഇത് നല്‍കും. NISAR-ന്റെ മെഗാ റിഫ്‌ളക്ടര്‍ പ്രപഞ്ചത്തിലേക്ക് തുറന്നതോടെ ബഹിരാകാശത്ത് നിന്നുള്ള ഭൗമനിരീക്ഷണത്തിന്റെ ഒരു പുതിയ യുഗത്തിനാണ് തുടക്കം കുറിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും നൂതനമായ റഡാര്‍ കണ്ണായി NISAR മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ISRO and NASA jointly developed NISR deployment successful: Video

Share Email
Top